കോണ്‍ഗ്രസ് പഠിക്കാത്ത കശ്മീര്‍ പാഠങ്ങള്‍

Monday 30 October 2017 9:14 pm IST

പാക്കിസ്ഥാന്‍ ഭീകരരെപ്പോലെ തോക്കേന്തി ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ല. ഐഎസ്‌ഐ പണംപറ്റി വിഘടനവാദികളെപ്പോലെ ഇന്ത്യന്‍ സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നുമില്ല. എന്നുവരികിലും സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസ് കശ്മീര്‍ വിഘടനവാദികള്‍ക്കൊപ്പമാണ്. 'ആസാദി' മുദ്രാവാക്യമുയര്‍ത്തുന്ന കശ്മീരികള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത് സ്വയംഭരണമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ അഭിപ്രായം ഇത് തെളിയിക്കുന്നു. കശ്മീരിലെ സ്ഥിതിവിശേഷം അങ്ങേയറ്റം വഷളായിരിക്കുകയാണെന്നും, തങ്ങളുടെ ഭരണകാലത്ത് ചെയ്ത നല്ല കാര്യങ്ങള്‍ പാഴായിരിക്കുകയാണെന്നും ചിദംബരത്തിന് അഭിപ്രായമുണ്ട്. കശ്മീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചയ്ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ ദിനേശ്വര്‍ ശര്‍മ്മയെ പ്രത്യേക ദൂതനായി നിയമിച്ചതാണ് ചിദംബരത്തെ അസ്വസ്ഥനാക്കിയത്. ചിദംബരത്തെ കോണ്‍ഗ്രസ് വക്താവ് സുര്‍ജെ വാല തള്ളിപ്പറയുന്നുണ്ടെങ്കിലും അതൊരു അടവുനയമാണ്. 'ആസാദി'യുടെ പേരില്‍ ഇന്ത്യയെ തുണ്ടംതുണ്ടമാക്കുമെന്ന് പ്രഖ്യാപിച്ച ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇടത്-ഇസ്ലാമിക തീവ്രവാദിക്കൊപ്പമായിരുന്നല്ലോ കോണ്‍ഗ്രസും. കശ്മീര്‍ പ്രശ്‌നസംസ്ഥാനമായി തുടരുന്നതുതന്നെ കോണ്‍ഗ്രസിന്റെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും തെറ്റായ നയംകൊണ്ടാണ്. മറ്റ് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ വിജയകരമായി ലയിപ്പിച്ച ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന് കശ്മീരിന്റെ ചുമതല നല്‍കാതെ നെഹ്‌റു സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്തതാണ് കുഴപ്പമായത്. ഷെയ്ക്ക് അബ്ദുള്ളയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കശ്മീരിന് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. അന്നുമുതല്‍ ഇന്നുവരെ ഇത് പാക്കിസ്ഥാന്‍ നയിക്കുന്ന വിഘടനവാദികളും അവരുടെ മാനസികാവസ്ഥ പിന്‍പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആയുധമാക്കുകയാണ്. സ്വാഭാവികമായി ഇല്ലാതാകുമെന്ന് കരുതപ്പെട്ട ഈ വകുപ്പ് താല്‍ക്കാലിക വ്യവസ്ഥയാണെന്ന് ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിരിക്കെ, അത് റദ്ദാക്കുന്നത് വലിയ കുഴപ്പങ്ങള്‍ക്കിടയാക്കുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ് കശ്മീരിലെ വിഘടനവാദികളും മറ്റും മുതലെടുക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ നയം സ്വീകരിച്ചതിന്റെ ഫലമായി കോണ്‍ഗ്രസ് കശ്മീരില്‍ തുടച്ചുനീക്കപ്പെട്ടിട്ടും ചിദംബരത്തെപ്പോലുള്ളവര്‍ പാഠം പഠിക്കാന്‍ തയ്യാറാവുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി കശ്മീരിലും ഭരണകക്ഷിയാണ്. ഭരണത്തില്‍ പങ്കാളിത്തമുണ്ട് എന്നതിനാല്‍ ഭീകരവാദത്തോടും വിഘടനവാദത്തോടും മൃദുസമീപനം സ്വീകരിക്കില്ലെന്ന് ബിജെപി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. അതിശക്തമായിത്തന്നെയാണ് സുരക്ഷാസേന അവിടുത്തെ ഭീകരപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് അതിര്‍ത്തിക്കപ്പുറത്ത് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി പാക്കിസ്ഥാനെ വിറപ്പിച്ചത്. എന്നാല്‍ ഈ നടപടിയേയും തള്ളിപ്പറയുകയാണ് കോണ്‍ഗ്രസ് ചെയ്തത്. വിഘടനവാദത്തെ അനുകൂലിക്കുന്ന ചിദംബരത്തിന്റെ അഭിപ്രായങ്ങള്‍ പങ്കുപറ്റുന്ന നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ശക്തവും ക്രിയാത്മകവുമായ നയം കശ്മീരില്‍ സമാധാനംകൊണ്ടുവരുമെന്ന് കോണ്‍ഗ്രസിനറിയാം. അത് സംഭവിക്കാന്‍ പാടില്ലെന്ന് ആ പാര്‍ട്ടി ആഗ്രഹിക്കുന്നു. മണിശങ്കരയ്യരെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനുമുന്‍പ് പാക്കിസ്ഥാനെയും കശ്മീര്‍ വിഘടനവാദത്തെയും പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. ഭീകരവാദികളെയും വിഘടനവാദികളെയും സായുധമായി അടിച്ചമര്‍ത്തുന്നപോലെ, അവരെ പിന്‍പറ്റുന്ന രാഷ്ട്രീയപാര്‍ട്ടികളെയും ജനാധിപത്യപരമായി ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണം.