ഹോം » പൊതുവാര്‍ത്ത » 

രാമായണ പാരായണം

July 17, 2011

കര്‍ക്കിടകം, കൊല്ലവര്‍ഷത്തിന്റെ അവസാനമാസം. കര്‍ക്കിടമാസം രാമായണമാസമായി ആചരിച്ചുവരുന്നു. ജാതകവശാല്‍ ശ്രീരാമന്റെ ലഗ്നം കര്‍ക്കിടകവും പുണര്‍തം നക്ഷത്രവുമാണ്‌. കുടുംബജീവിതത്തിന്‌ ഐശ്വര്യം നല്‍കുവാന്‍ രാമായണ പാരായണവും രാമനാമജപവും സഹായകരമാണ്‌.
പഴയകാലത്ത്‌ തുള്ളിക്കൊരുകുടം പേമാരി പെയ്തിറങ്ങുന്ന കര്‍ക്കിടകത്തില്‍, ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തികൈവരിക്കാന്‍ പിതാമഹന്മാര്‍ പ്രതിവിധിയെന്നോണം തെരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ്‌ രാമായണ പാരായണം. മഴ ക്ഷേത്രദര്‍ശനത്തിന്‌ തടസ്സമായപ്പോള്‍ ഗൃഹാന്തരീക്ഷത്തില്‍തന്നെ അതിന്‌ വഴിയൊരുക്കുകയായിരുന്നു. പണ്ടുമുതലേ കേരളീയ ഗൃഹങ്ങളില്‍ പാരായണം ചെയ്യുന്നത്‌ ആദ്ധ്യാത്മിക രാമായണം കിളിപ്പാട്ടാണ്‌. നിലവിളക്കിന്റെ നിറവെളിച്ചത്തില്‍ നിലത്ത്‌ ചമ്രം പടഞ്ഞിരുന്ന്‌ പൂജാദ്രവ്യങ്ങളൊരുക്കി വെച്ചാണ്‌ പാരായണം ചെയ്യുക. ഓരോ ദിവസവും എത്രത്തോളം വായിക്കണമെന്നതിന്‌ ക്ലിപ്തമായ വ്യവസ്ഥയില്ല. ഒരു ഭാഗം വായിച്ചുകഴിഞ്ഞാല്‍ അത്‌ മുഴുമിപ്പിക്കണമെന്നുണ്ട്‌.
അപൂര്‍ണതയില്‍ വായിച്ചു നിര്‍ത്തിയാല്‍ അശുഭകരം എന്നാണ്‌ പഴമക്കാരുടെ വിശ്വാസം. ഒന്നാം തീയതി വായനയാരംഭിച്ചാല്‍ മുപ്പത്തൊന്നാംതീയതി വരെ അത്‌ മുടങ്ങാന്‍ പാടില്ല എന്നുണ്ട്‌. അതുപോലെ എല്ലാ ദിവസവും ഒരാള്‍ തന്നെ വായിക്കണമെന്നില്ല. സൗകര്യമുള്ള ആര്‍ക്കും വായിക്കാം. ഒരു മാസത്തെ വായന പട്ടാഭിഷേകത്തോടെയാണ്‌ എല്ലായ്പ്പോഴും അവസാനിക്കുക. വായന തീരുന്ന ദിവസം വലിയ വിശേഷമായിരിക്കും ഒരുത്സവ പ്രതീതി.
ചേട്ടയെ അടിച്ചുപുറത്താക്കി ലക്ഷ്മീദേവിയെ വരവേല്‍ക്കാനുള്ള മലയാളിയുടെ തയ്യാറെടുപ്പായും രാമായണ പാരായണത്തെ വിലയിരുത്താം. ഭാരതീയ സംസ്ക്കാരത്തിന്റെ നീരുറവകള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായും ഇതിനെ കാണാം.

Related News from Archive
Editor's Pick