മോദി ഭരണത്തിലെ ഇന്ത്യന്‍ കുതിപ്പ്

Friday 3 November 2017 3:21 pm IST

പത്തുവര്‍ഷത്തെ യുപിഎ ഭരണം തകര്‍ത്തെറിഞ്ഞ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌ക്കരണ നടപടികള്‍ വിജയത്തിലേക്കെന്ന് സംശയാതീതമായി വ്യക്തമാക്കുന്നതാണ് വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിലെ ഇന്ത്യന്‍ കുതിപ്പ്. ചരിത്രത്തില്‍ ഇതാദ്യമായി ആദ്യനൂറില്‍ ഇടംപിടിച്ച ഇന്ത്യ ലോകരാജ്യങ്ങളിലെ മികച്ച നിക്ഷേപ സൗഹൃദ രാജ്യമെന്ന നിലയില്‍ ശ്രദ്ധ നേടുകയാണ്. 142-ാം സ്ഥാനത്തുനിന്ന് 130-ലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ ഇന്ത്യ ഇത്തവണ നൂറാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ മോദി സര്‍ക്കാര്‍ തുടക്കമിട്ട പരിഷ്‌ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ലോകബാങ്ക് പുറത്തുവിട്ട വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിലെ ഇന്ത്യന്‍ മുന്നേറ്റം. ഈ റിപ്പോര്‍ട്ട് നോട്ട് റദ്ദാക്കലും ജിഎസ്ടിയും സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് വസ്തുകള്‍ക്കുനേരെ കണ്ണടച്ച് മുറവിളികൂട്ടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വായടപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി വിദേശ നിക്ഷേപങ്ങള്‍ക്കും, വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ ഏറെ ലളിതവല്‍ക്കരിച്ചിരുന്നു. സംരംഭകര്‍ക്ക് ഏറെ പ്രയോജനകരമായ തീരുമാനങ്ങളുമായാണ് ആദ്യ മന്ത്രിസഭാ യോഗം മുതല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഘടനാപരമായ വലിയ പരിഷ്‌ക്കരണങ്ങളുമായാണ് ഇന്ത്യ മുന്നോട്ടുപോയതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് പതിനൊന്ന് ഘടകങ്ങളില്‍ എട്ടിലും ഇന്ത്യ പരിഷ്‌ക്കരണം വരുത്തി. ഇത്തരത്തില്‍ എട്ടോളം മാറ്റങ്ങള്‍ കൊണ്ടുവന്ന ലോകത്തിലെ മൂന്നു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. നാശത്തിന്റെ പ്രവാചകരെ നിരാശപ്പെടുത്തി മോദി സര്‍ക്കാര്‍ ശരിയായദിശയിലാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. നോട്ട് റദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം താത്കാലികം മാത്രമാണെന്ന് ലോകബാങ്കും ഐഎംഎഫും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലും ആത്മവിശ്വാസം പ്രകടമായി. സെന്‍സസ് 400 പോയിന്റാണ് ഇന്നലെ ഉയര്‍ന്നത്. നിഫ്റ്റി 10,500 ലും സെന്‍സസ് 33,651ലുമാണ് അവസാനിച്ചത്. ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ലോഹം, എഫ്എംസിജി, ഇന്‍ഫ്രാ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എന്നാല്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ വളര്‍ച്ചയ്ക്ക് അംഗീകാരം നേടുമ്പോഴും സമ്പദ് വ്യവസ്ഥയേയും ഇന്ത്യയേയും ഇകഴ്ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും നടത്തുന്നത്. ഇന്ത്യ ഒട്ടും വ്യവസായ സൗഹൃദ രാജ്യമല്ലെന്നും, ഇവിടെ ബിസിനസ് ചെയ്യുന്നത് എളുപ്പമല്ലെന്നുമാണ് ലോകബാങ്ക് റിപ്പോര്‍ട്ടിനെ പരിഹസിച്ച് രംഗത്തെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി സൗഹൃദ ഭരണത്തെ ബിസിനസ് സൗഹൃദ ഭരണമാക്കി മാറ്റിയതിലുള്ള അസഹിഷ്ണുതയാണ് കോണ്‍ഗ്രസിനെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കിയിട്ടുണ്ട്. രാജ്യം വികസനക്കുതിപ്പ് തുടരുമ്പോള്‍ സങ്കുചിത രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് എന്നും താല്‍പ്പര്യം. രാജ്യതാല്‍പ്പര്യത്തേക്കാള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ തേടുന്നവരെ ജനം തിരിച്ചറിഞ്ഞ് പുറത്തിരുത്തിയതും ഇതേ കാരണം കൊണ്ടുതന്നെ.