പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് ഐഎസിലേക്കുള്ള ദൂരം

Friday 3 November 2017 9:11 pm IST

ഇടതു-ജിഹാദി ഭീകരതയ്‌ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി ജനരക്ഷായാത്ര നടത്തിയത് ചില കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. കേരളം ജിഹാദികളുടെ താവളമാണെന്നു പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതും, സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നുള്ള പ്രചാരണം ജിഹാദികള്‍ക്കുവേണ്ടി സിപിഎം നടത്തുകയുണ്ടായി. എന്നാലിപ്പോള്‍ ഒന്നിനുപുറകെ ഒന്നെന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ എല്ലാം തെളിയിച്ചിരിക്കുന്നു. കേരളം ഇസ്ലാമിക ഭീകരവാദികളുടെ താവളമാണെന്നുമാത്രമല്ല, ഈ ജിഹാദിന്റെ മുന്‍നിരയില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയാണെന്നും വ്യക്തമാവുന്നു. വൈക്കം സ്വദേശിയായ അഖില എന്ന പെണ്‍കുട്ടിയെ മതംമാറ്റി മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ഇംഗ്ലീഷ് ചാനല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നടുക്കമുണ്ടാക്കുന്നതാണ്. മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ എങ്ങനെയാണ് ആസൂത്രിതമായി മതംമാറ്റുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാവിഭാഗം നേതാവ് സൈനബ പറയുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പെണ്‍കുട്ടികളുള്ള ഇതരമതവിശ്വാസികളായ മാതാപിതാക്കളുടെ മനസ്സില്‍ തീ കോരിയിടുന്നതാണ്. 'ലൗ ജിഹാദി'ല്‍പ്പെടുത്തി നിരവധി മതംമാറ്റങ്ങള്‍ നടത്തിയതായാണ് സൈനബയുടെ വാക്കുകളില്‍നിന്ന് വ്യക്തമാവുന്നത്. സൈനബയെ എന്‍ഐഎ ചോദ്യംചെയ്തുകഴിഞ്ഞു. കേരളം ജിഹാദികളുടെ താവളം എന്നതിനുപരി 'ജിഹാദി ഫാക്ടറി'തന്നെയാണെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് പി. അഹമ്മദ് ഷെറീഫിന്റെ വാക്കുകള്‍ തെളിയിക്കുന്നു. ലോകം മുഴുവന്‍ ഇസ്ലാമിന് കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചാനല്‍ അഭിമുഖത്തില്‍ അസന്ദിഗ്ധമായാണ് ഈ നേതാവ് പ്രഖ്യാപിക്കുന്നത്. ഇതിനായി മധ്യേഷ്യയില്‍നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ ലഭിക്കുന്നുണ്ടെന്നും, ഹവാല വഴിയും അല്ലാതെയുമാണ് പണം വരുന്നതെന്നും ഷെരീഫ് സ്ഥിരീകരിക്കുന്നു. ഈ പണമൊഴുക്ക് കുറെക്കാലമായി നടക്കുന്നതാണെന്നും, സ്ഥിരം സംവിധാനമാണെന്നുകൂടി ഇയാള്‍ സമ്മതിക്കുന്നു. ആഗോള ഭീകരസംഘടനയായ ഐഎസിനുവേണ്ടി പോരാടാന്‍ സിറിയയില്‍ പോയവരുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ഇേപ്പാള്‍ വ്യക്തമായിരിക്കുന്നു. സിറിയയില്‍ പോയതായി തിരിച്ചറിഞ്ഞ 15 പേരില്‍ രണ്ടുപേര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ഐഎസ് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പിയാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അവശേഷിക്കുന്ന അഞ്ചുപേര്‍ ഇപ്പോഴും സിറിയയില്‍ പോരാട്ടത്തിലാണ്. തങ്ങള്‍ക്ക് ഐഎസുമായി ബന്ധമില്ലെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞിരിക്കുന്നു. കേരളം കശ്മീരാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് പറയുന്നതിനപ്പുറം പോയിരിക്കുന്നു ഇപ്പോള്‍ കാര്യങ്ങള്‍. കൊച്ചുകേരളത്തെ സിറിയയാക്കാനാണ് ഇപ്പോള്‍ ശ്രമം. സിറിയയില്‍ അത്യന്തം പ്രാകൃതമായ രീതിയില്‍ ഐഎസ് ഭീകരര്‍ നടത്തുന്ന കൂട്ടക്കൊലകളും മറ്റും പോപ്പുലര്‍ ഫ്രണ്ട് ഇവിടെ നടത്താത്തത് അവര്‍ക്ക് ആഗ്രഹമില്ലാത്തതുകൊണ്ടാവില്ല, ചില പരിമിതികളുള്ളതുകൊണ്ടാവാം. മതനിന്ദയാരോപിച്ച് ഒരു കോളജ് അധ്യാപകന്റെ കൈ നിഷ്‌ക്കരുണം വെട്ടിയെറിഞ്ഞവരാണല്ലോ അവര്‍. മതേതരത്വത്തില്‍ വിശ്വസിക്കുകയോ മതസഹിഷ്ണുത പുലര്‍ത്തുകയോ ചെയ്യാത്ത ഈ സംഘടനക്ക് ജനാധിപത്യ സംവിധാനത്തില്‍ ഇടംലഭിക്കാന്‍ പാടില്ല. ലഭ്യമായ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ വിദേശ പണമിടപാടുകള്‍ അനേ്വഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സിറിയയില്‍ ആടുമേക്കാന്‍ പോകുന്നവര്‍ മനുഷ്യക്കശാപ്പിനുള്ള പരിശീലനമാണ് അവിടെനിന്ന് നേടുന്നത്. ഐഎസിന്റെ എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ എന്നപോലെ ഒരു സംഘടനയേയും ഈ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.