ഇതെന്തൊരു മുഖ്യമന്ത്രി?

Sunday 5 November 2017 10:17 pm IST

ആറ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാണ് കേരളത്തില്‍ ഇതുവരെ ഉണ്ടായത്. ഇതില്‍ നാലും സിപിഎം മുഖ്യമന്ത്രിമാര്‍. അതില്‍ മൂന്നുപേരും ഏറെക്കുറെ ധാര്‍മിക മൂല്യങ്ങളും രാഷ്ട്രീയമര്യാദകളും ഉയര്‍ത്തിപ്പിടിച്ചുവെന്ന് മനസ്സിലാകും. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രി അവരില്‍ നിന്നും വ്യത്യസ്തനാവുകയാണ്. ആരോപണവിധേയരായവരെ പുറത്താക്കുന്നതില്‍ ഇഎംഎസ് നമ്പൂതിരിപ്പാടും ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും രണ്ടുവട്ടം ആലോചിക്കാതെ നടപടികള്‍ സ്വീകരിച്ചു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പലവട്ടം ആലോചിച്ചിട്ടും നടപടി സ്വീകരിക്കാന്‍ അറച്ചുനില്‍ക്കുകയാണ്. തോമസ്ചാണ്ടി തന്നെയാണ് വിഷയം. തോമസ് ചാണ്ടി കായല്‍ കൈയേറുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് പകല്‍പോലെ വ്യക്തമായി. മാസങ്ങളായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുകയും റവന്യൂ ഉദ്യോഗസ്ഥര്‍ ശരിവയ്ക്കുകയും ചെയ്തതാണ് തോമസ് ചാണ്ടിയുടെ 'അനാശാസ്യപ്രവര്‍ത്തനങ്ങള്‍'. ജില്ലാ കളക്ടറുടെ നിഗമനങ്ങളും അതെല്ലാം ശരിവച്ചു. റവന്യൂവകുപ്പും വകുപ്പുമന്ത്രിയും ഗതാഗതമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം ബോധപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയൊരാളെ മന്ത്രിസ്ഥാനത്തുവച്ചുപുലര്‍ത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളത്? ഉന്നത സാംസ്‌കാരികമൂല്യവും ധാര്‍മ്മികതയും അവകാശപ്പെടുന്ന കേരളത്തിന് ഇതെങ്ങിനെയാണ് അംഗീകരിക്കാന്‍ കഴിയുക? ഏറ്റവും ഒടുവില്‍ വിജിലന്‍സ് കോടതിയും തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവും അധികാര ദുര്‍വിനിയോഗവും ശരിവച്ചിരിക്കുകയും ചെയ്തു. സാമാന്യമര്യാദയും ധാര്‍മ്മിക ബോധ്യവുമുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതാണ്. അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ രാജി നല്‍കുന്നതാണ് അഭികാമ്യമെന്ന് പറയുന്നതാണ് മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നത്. എന്നാല്‍ അതുണ്ടായില്ല. സിപിഎം മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെല്ലാം ഇത്തരം സാഹചര്യത്തില്‍ ആരോപണവിധേയരായവരെ രാജിവയ്പിച്ചതാണ് ചരിത്രം. ആരോഗ്യമന്ത്രിയായിരുന്ന ബി.വെല്ലിംഗ്ടണ്‍, അതിനുശേഷം നീലലോഹിതദാസന്‍ നാടാര്‍, ടി.ഒ.കുരുവിള, പി.ജെ.ജോസഫ് എന്നിവരുടെയെല്ലാം രാജി നമ്മുടെ മനസ്സിലുണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ രാജിയും അടുത്തിടെയാണ്. എന്നാല്‍ വ്യക്തമായ തെളിവുണ്ടായിട്ടും ജില്ലാ ഭരണാധികാരിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും തോമസ് ചാണ്ടി സ്വമേധയാ രാജിവച്ചിട്ടില്ല. രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്കും തോന്നിയിട്ടില്ല. തോമസ് ചാണ്ടി ഒരു സാധാരണ മന്ത്രിയല്ല. നിയമസഭയിലെ ശതകോടീശ്വരനാണ്. അദ്ദേഹം സ്വയം വെളിപ്പെടുത്തിയ ആസ്തി 93 കോടിയാണ്. അതിലും എത്രയോ അധികമാണ് യഥാര്‍ത്ഥ ആസ്തി എന്നുപറയേണ്ടതില്ല. പൊതുസ്ഥലം കൈയേറുകയും അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുക എന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇവിടെ തോമസ് ചാണ്ടി ചെയ്തിരിക്കുന്നതും അതാണ്. കായല്‍ കൈയേറി റോഡ് നിര്‍മ്മാണം നടത്തുകയും ഇനിയും കൈയേറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഒരു മന്ത്രിക്ക് ഭൂഷണമാണോ? അല്ലേ അല്ലെന്ന് ഏത് കൊച്ചുകുട്ടിയും പറയും. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിക്ക് ഇത് അനുചിതമെന്ന് തോന്നുന്നില്ലേ? ഒരു തുണ്ടുഭൂമി പോലുമില്ലാത്തവര്‍ അന്തിയുറങ്ങാന്‍ പുറമ്പോക്കില്‍ ഒരു കൂരകെട്ടിയാല്‍ വലിച്ച് ദൂരെയെറിയാന്‍ വെമ്പല്‍ കാട്ടുന്ന സര്‍ക്കാര്‍ സംവിധാനം കോടീശ്വരനായ ഒരു മന്ത്രിയുടെ അനധികൃത നിര്‍മ്മിതിക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുന്ന കാഴ്ച ഒരു ദുരന്തം തന്നെയാണ്. അല്പമെങ്കിലും ധാര്‍മ്മികതയും മര്യാദയുമുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ പുറത്താക്കാന്‍ അല്പം പോലും അമാന്തിക്കരുത്.