ഞായറാഴ്ച വ്രതം (രവിവാരവ്രതം)
ആദിത്യ ഭഗവാനെ പ്രത്യേകമായി ആരാധിക്കുന്ന ദിനമാണ് ഞായറാഴ്ച. ചൊറി, ചിരങ്ങ് തുടങ്ങിയ ത്വക് സംബന്ധമായ വ്യാധികള്‍ ഉള്ളവരാണ് പ്രധാനമായും ഈ വ്രതം അനുഷ്ഠിക്കുന്നത്. ആഴ്ചയുടെ മുഴുവന്‍ ദിവസവും വ്രതം അനുഷ്ഠിക്കുകയും ആദിത്യദേവനെ രക്തചന്ദനം, ചുവന്ന പുഷ്പം എന്നിവകൊണ്ട് പൂജിക്കുകയും വേണ്ടതാണ്. ഒരുനേരം അരിയാഹാരമാവാം. ആദിത്യ നമസ്കാരം ചെയ്യുന്നതും സൂര്യഗായത്രി ജപിക്കുന്നതും അത്യുത്തമമായി പരിഗണിക്കുന്നു. സര്വ്വപാപനാശത്തിനും സര്‍വ്വൈശ്വര്യത്തിനും ഞായറാഴ്ച വ്രതമാണ് അനുഷ്ഠിച്ചുവരുന്നത്. അന്നേ ദിവസം ഒരിക്കലൂണ് മാത്രം. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രദര്‍ശനം ഉത്തമമാണ്. അസ്മയത്തിന് മുമ്പായി സ്നാനം കഴിച്ച് ഭജിക്കണമെന്ന നിഷ്കര്‍ഷയും കാണുന്നുണ്ട്.
തിങ്കളാഴ്ച വ്രതം (സോമവാരവ്രതം)
സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടുന്ന ഒരു പ്രധാന വ്രതമാണ് തിങ്കളാഴ്ച വ്രതം. ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. ഈ വ്രതം ആചരിക്കുന്നവര്‍ ശ്രീപരമേശ്വരനെയും ശ്രീപാര്‍വ്വതിയെയും പ്രത്യേകമായി സ്തുതിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്.
ശുക്ലപക്ഷത്തിലെ ആദ്യ തിങ്കള്‍ മുതല്‍ പതിനാറ് തിങ്കളാഴ്ചകളില്‍ ഈ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. എല്ലാ മാസത്തിലും ആദ്യമായി വരുന്ന (മുപ്പട്ട്) തിങ്കളാഴ്ചകളിലെ ആചരണം ഗ്രഹദോഷങ്ങളകറ്റാനും മനശ്ശാന്തി കൈവരിക്കാനും ഉത്തമമാണെന്ന് വിശ്വസിക്കുന്നു.
ചിങ്ങമാസത്തോടു ചേര്‍ന്നുവരുന്ന ശ്രാവണ സോമവാരങ്ങള്‍. എടവത്തില് വരുന്ന വൈശാഖ സോമവാരങ്ങള്‍ എന്നിവ വിശേഷമാണ്. ഭര്‍ത്താവിന്റെയും സന്താനങ്ങളുടെയും ഗ്രഹപ്പിഴകള്‍ നീങ്ങി ശ്രേയസ്സുണ്ടാകുവാനും ദീര്‍ഘമംഗല്യത്തിനും ഈ വ്രതമനുഷ്ഠിക്കുന്നുണ്ട്. ഒരുനേരം മാത്രം അരിഭക്ഷണം (ഒരിക്കലൂണ്) ശിവക്ഷേത്ര ദര്‍ശനം. ശിവപുരാണ പാരായണം, ശിവപൂജ എന്നിവയും അനുഷ്ഠിേക്കണ്ടതാണ്. കൂവളത്തിലകൊണ്ടുള്ള ശിവപൂജമാണ് അഭികാമ്യം. വെളുത്തപക്ഷത്തില്‍ അഷ്ടമിയും തിരുവാതിരയും തിങ്കളാഴ്ചയും ഒന്നിച്ചു വരുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും ഉത്തമം.
ചൊവ്വാഴ്ച വ്രതം (മംഗലവാരവ്രതം)
ശുക്ലപക്ഷത്തിലെ ചൊവ്വാഴ്ച ആരംഭിച്ച് ഇരുപത്തിയൊന്ന് ചൊവ്വാഴ്ചകളിലാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. ഹനുമദ് ഭക്തന്മാര് ഈ വ്രതം പ്രത്യേകമായി ആചരിക്കുന്നു. ചൊവ്വാദോഷംമൂലം വിവാഹതടസ്സം നേരിടുന്നവര്‍, ജാതകപ്രകാരം ചൊവ്വാദശകാലമുളളവരും, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടിവന്നതിനാല്‍ ചൊവ്വയുടെ അനിഷ്ടഫലം അനുഭവിക്കുന്നവരും ഈ വ്രതം തീര്‍ച്ചയായും അനുഷ്ഠിക്കേണ്ടതാണ്.
മലയാളികള്‍ ഈ വ്രതത്തില്‍ ദേവീപൂജക്കാണ് പ്രാധാന്യം നല്‍കുന്നത്. അന്ന് മംഗലപ്രിയ വസ്തുക്കളായ രക്തചന്ദനം, രക്തപുഷ്പം, ശര്‍ക്കര, നെയ്യ് ചേര്‍ത്ത മധുരപലഹാരം എന്നിവ ഉപയോഗിക്കുന്നു. വ്രതമനുഷ്ഠിക്കുന്നവര്‍, സന്ധ്യാസമയം കഴിഞ്ഞ് ഉപ്പ് ചേര്‍ക്കാത്ത ആഹാരമാണ് ഭുജിക്കുന്നത്.
ശ്രാവണമാസത്തിലെ ചൊവ്വാഴ്ചകളില്‍ ഈ വ്രതമനുഷ്ഠിക്കുന്നത് രക്തസംബന്ധമായ അസുഖങ്ങള്‍ക്കും വിവാഹം വേഗത്തില്‍ നടക്കുവാനും വിവാഹിതര്‍ക്ക് നെടുമാംഗല്യത്തിനും വിശേഷമാണെന്ന് വിശ്വസിക്കുന്നു. ഭദ്രകാളി, ഹനുമാന്, സുബ്രഹ്മണ്യന് എന്നിവരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനവും വഴിപാടുകളും; നാമം ചൊല്ലലുകള്‍, പുരാണപാരായണം, ശര്‍ക്കരപായസം നിവേദിക്കല്‍ എന്നിവയും അനുവര്‍ത്തിച്ചുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: