ഹോം » പ്രാദേശികം » കോഴിക്കോട് » 

കൗണ്‍സിലറുടെ വീടിനുനേരെയും അക്രമം വടകരയില്‍ സിപിഎം അക്രമം തുടരുന്നു

November 12, 2017

വടകര: വടകര പുതുപ്പണം, പാലയാട്ട് നട ഭാഗങ്ങളില്‍ സിപിഎം അക്രമം തുടരുന്നു. വടകര സിഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും അക്രമം.
വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ. സിന്ധുവിന്റെ പാലയാട്ട് നടയിലെ വീടിനുനേരെയാണ് സിപിഎം ആക്രമണമുണ്ടായത്. നഗരസഭയിലെ മുപ്പത്തഞ്ചാം ഡിവിഷന്‍ കൗണ്‍സിലറാണ് സിന്ധു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് സിന്ധുവിന്റെ ഭര്‍ത്താവും മക്കളും വീട്ടിലുണ്ടായിരുന്നു.
പുതുപ്പണം, പാലയാട്ട് നട പ്രദേശത്ത് രണ്ട് ദിവസമായി സിപിഎം അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരായ അനന്തു സാജന്‍, രജുരാജ് എന്നിവരെ സിപിഎമ്മുകാര്‍ അക്രമിച്ചിരുന്നു. ആര്‍എസ്എസ് ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ചെട്ട്യാത്ത്താഴ സതീശന്റെ വീടിനുനേരെയും അക്രമം നടന്നിരുന്നു.
അക്രമത്തെത്തുടര്‍ന്ന് വടകര സിഐ മധുസൂധനന്‍നായരുടെ നേതൃത്വത്തില്‍ സമാധാനച്ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കുശേഷവും അക്രമം തുടരാനാണ് സിപിഎം നീക്കമെന്നതാണ് കൗണ്‍സിലറുടെ വീടിനുനേരെ നടന്ന അക്രമം സുചിപ്പിക്കുന്നത്.
ബിജെപി കൗണ്‍സിലര്‍ പി.കെ. സിന്ധുവിന്റെ വീട് ആക്രമിച്ചതില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. എം. രാജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കടത്തനാട് ബാലകൃഷ്ണന്‍, പി.എം. അശോകന്‍, പി. ശ്യാംരാജ്, മടപ്പള്ളി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് പുതുപ്പണത്ത് പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ് കുമാര്‍, മടപ്പള്ളി ശ്രീധരന്‍, സി.പി. ചന്ദ്രന്‍, പി. ശ്യാംരാജ്, വി. ഷല്‍നേഷ്, കെ.വി. രതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick