ഹോം » പ്രാദേശികം » തിരുവനന്തപുരം » 

ബാങ്ക് ഭരണസമിതിയില്‍ ഭിന്നത

November 14, 2017

കല്ലറ: മിതൃമ്മലസര്‍വീസ് സഹകരണബാങ്കില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. അതേസമയം ഭരണസമിതിയിലെ രണ്ടംഗങ്ങള്‍ക്കൊഴികെ ആര്‍ക്കും യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന. പക്ഷേ പാര്‍ട്ടിയിലെ ഉന്നതന്റെ നിര്‍ദ്ദേശം എല്ലാവരും മൗനമായി അനുസരിക്കുകയായിരുന്നു.
ബാങ്കിന്റെ മുന്‍പ്രസിഡന്റും പ്രസിഡന്റ് സ്ഥാനം മോഹിച്ച് നില്ക്കുന്നയാളുമാണ് ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ശക്തമായി വാദിച്ചതെന്നാണ് വിവരം. നിലവിലെ പ്രസിഡന്റുള്‍പ്പെടെയുളളവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഉന്നതന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉത്തരവ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കൗണ്ടന്റ് പോസ്റ്റിലാണ് നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുളളത്. ഈ പോസ്റ്റില്‍ ജോലിചെയ്യുമ്പോഴാണ് ഇവരെ പുറത്താക്കിയത്.
വെള്ളിയാഴ്ച വെഞ്ഞാറമൂട്ടില്‍ ചേര്‍ന്ന പ്രത്യേക ഏര്യാകമ്മിറ്റിയോഗത്തിലാണ് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ ഉന്നതന്‍ നിര്‍ദ്ദേശിച്ചത്. വിഷയത്തില്‍ ആരും അഭിപ്രായം പറയേണ്ട എന്ന മുന്നറിയിപ്പോടെയാണ് മുന്‍ എംഎല്‍എ കൂടിയായ പാര്‍ട്ടിനേതാവ് നിര്‍ദ്ദേശം വച്ചത്. അപ്പോള്‍തന്നെ അംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുകളുയര്‍ന്നെങ്കിലും ആരും തുറന്ന് സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഇത് സംബന്ധിച്ച് എന്ത് നിയമപ്രശ്‌നങ്ങളുയര്‍ന്നാലും അതെല്ലാം താന്‍ നോക്കിക്കൊള്ളാമെന്നാണ് ഉന്നതന്‍ ഉറപ്പുനല്കി.
ബാങ്കില്‍ ജീവനക്കാരിയായിരിക്കെ നിരവധി ക്രമക്കേടുകള്‍ നടത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്നത്തെ ഭരണസമിതി നടപടിയെടുത്തത്. സ്വര്‍ണപ്പണയം, സ്ഥിരനിക്ഷേപം എന്നിവകളില്‍ വന്‍ കൃത്രിമങ്ങളാണ് അന്ന് കണ്ടെത്തിയത്. സര്‍ക്കിരില്‍ നിന്ന് പ്രത്യേക ആഡിറ്ററെ നിയോഗിച്ച് ക്രമക്കേടുകള്‍ വിലയിരുത്തിയശേഷം ഈ ജീവനക്കാരിയെ ബാങ്കില്‍ തുടരാനനുവദിക്കുന്നത് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തത്. പിരിച്ചുവിടാന്‍ തീരുമാനിച്ച ഭരണസമിതി തന്നെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ ജീവനക്കാരിയുടെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റം ഇല്ലാതായെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം.

Related News from Archive
Editor's Pick