ഹോം » പ്രാദേശികം » ആലപ്പുഴ » 

ഡ്രൈവര്‍മാരുടെ സേവനമില്ല ആംബുലന്‍സുകള്‍ നോക്കുകുത്തികളായി

November 14, 2017

 

അരൂര്‍: ആംബുലന്‍സുകളില്‍ ഡ്രൈവറില്ലാത്തത് ജനങ്ങള്‍ക്ക് വിനയാകുന്നു. അരൂര്‍ പഞ്ചായത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകളില്‍ ഡ്രൈവറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഇവ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു.
അപകടത്തില്‍പ്പെടുന്നവരേയും മറ്റു രോഗികളേയും യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ മറ്റ് ആംബുലന്‍സുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം അരൂരിലെ ആംബുലന്‍സ് കേന്ദ്രത്തിനു സമീപത്തെ കുടിവെള്ള ടാങ്ക് ശുചിയാക്കാന്‍ കയറിയ രണ്ട് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു.
ശരീരത്തിലും മുഖത്തും മാരകമായി കുത്തേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനെ സമീപിച്ചെങ്കിലും ഡ്രൈവര്‍ ഇല്ലാതിരുന്നതിനാല്‍ മറ്റു വാഹനങ്ങളില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അരൂരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
പഞ്ചായത്തിനു സമീപം രണ്ട് ആംബുലന്‍സുകളുണ്ട്. എന്നാല്‍ അജ്ഞാത കാരണങ്ങളാല്‍ ഇതു പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രൈവര്‍ എത്തുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിരുത്തരവാദപരമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് അരൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചത്.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന അരൂരില്‍ ആംബുലന്‍സുകള്‍ പണിമുടക്കിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Related News from Archive
Editor's Pick