ഹോം » കായികം » 

ഐഎസ്എല്‍: ടിക്കറ്റ് കിട്ടാനില്ല സ്‌റ്റേഡിയത്തില്‍ ബഹളം

പ്രിന്റ്‌ എഡിഷന്‍  ·  November 14, 2017

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ബഹളം. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ സ്‌റ്റേഡിയത്തിലോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളിലോ ലഭിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെയാണ് ബഹളവും മുദ്രാവാക്യം വിളിയും അരങ്ങേറിയത്.

17ന് നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് വഴിയാണ് വിറ്റത്. വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റ് മുഴുവന്‍ തീര്‍ന്നു. ഓഫ് ലൈന്‍ ടിക്കറ്റ് വില്‍പന ഇല്ലായിരുന്നെന്നും സംഘാടകര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണം. നിശ്ചിത ശതമാനം ടിക്കറ്റുകള്‍ സ്‌റ്റേഡിയത്തില്‍ സജ്ജമാക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴിയും മുത്തൂറ്റ് ശാഖകള്‍ വഴിയും വില്‍ക്കാറാണ് പതിവ്. തിങ്കളാഴ്ച മുതല്‍ ഓഫ് ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്നറിഞ്ഞതോടെ നൂറുകണക്കിന് ആരാധകരാണ് ഇന്നലെ രാവിലെതന്നെ സ്‌റ്റേഡിയത്തിലെത്തിയത്.

മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സംഘാടകര്‍ പ്രതികരിക്കാതായതോടെ ഇവര്‍ ഐഎസ്എല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ പോലീസ് സംഘമെത്തിയതോടെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ചര്‍ച്ചക്ക് തയ്യാറായ സംഘാടകര്‍ അടുത്ത മത്സരം മുതലുള്ള ടിക്കറ്റുകളാണ് ഓഫ് ലൈനായും ലഭിക്കുന്നതെന്ന് വ്യക്തമാക്കി. ഉദ്ഘാടന മത്സരത്തിന് 40,000 ത്തിനടുത്ത് ടിക്കറ്റുകളാണ് ഉള്ളത്. 200ലേറെ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഒഴികെ മുഴുവനും വിറ്റുതീര്‍ന്നെന്നാണ് സംഘാടകരുടെ വാദം.

അതേസമയം ലക്ഷക്കണക്കിന് ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന് ഉള്ളത്. എന്നാല്‍, ഐഎസ്എല്ലിലെ മറ്റു ടീമുകള്‍ സ്വന്തം ആരാധകര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് അധികൃതരാവട്ടെ സ്വന്തം ആരാധകരെ അവഗണിക്കുന്ന സമീപനമാണ് കാലങ്ങളായി തുടര്‍ന്നു വരുന്നത്.ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൂഴ്ത്തിവെച്ചതായാണ് ആരാധകര്‍ ഉയര്‍ത്തുന്ന ആരോപണം.

Related News from Archive
Editor's Pick