ഹോം » പ്രാദേശികം » പത്തനംതിട്ട » 

ബെയ്‌ലി പാലം നിര്‍മ്മിച്ചിരുന്ന ഭാഗം അപകട ഭീഷണി സൃഷ്ടിക്കുന്നു

November 15, 2017

അടൂര്‍: ബെയ്‌ലി പാലം ഉറപ്പിക്കുവാന്‍ വേണ്ടി ആറ്റിലേക്ക് ഇറക്കി കോണ്‍ക്രീറ്റ് നിര്‍മ്മിച്ചിരുന്ന ഭാഗം അപകട ഭീഷണി സൃഷ്ടിക്കുന്നു. ശബരിമല തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിനാല്‍ എം.സി റോഡില്‍ കൂടി ദിവസവും അനേകായിരം അയ്യപ്പഭക്തരാണ് ശബരിമലക്ക് ഇതുവഴി യാത്ര ചെയ്യുന്നത് ഇവരാണ് അപകടത്തില്‍പ്പെടാന്‍ കൂടുതലും സാധ്യത.
രാത്രി കാലങ്ങളില്‍ ഇതുവഴി സഞ്ചരിക്കുന്ന വാഹനയാത്രികര്‍ക്ക് കോണ്‍ക്രീറ്റ് തീരുന്ന ഭാഗം കാണാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഏനാത്ത് പഴയ പാലത്തിന് തകരാര്‍ സംഭവിച്ചപ്പോള്‍ തല്‍ക്കാലിക യാത്രാ സൗകര്യത്തിനായിട്ടാണ് ബെയ്‌ലിപാലം നിര്‍മ്മിച്ചത്.
രണ്ടു ഭാഗങ്ങളില്‍ നിന്നും പാലത്തിനെ ബന്ധിപ്പിക്കുന്ന റോഡും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബെയ്‌ലിപാലം നിര്‍മ്മിച്ചിരുന്ന ഭാഗം ഏറെ സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയാണ്. സമീപത്തെ വഴിവിളക്കുകള്‍ യഥാസമയം പ്രവര്‍ത്തിക്കാത്തതും സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമല്ലാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഏനാത്ത് മഹാദേവര്‍ ക്ഷേത്രത്തില്‍ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി ഇടത്താവളം ഉളളതിനാല്‍ അവര്‍ ഈ ഭാഗത്ത് വിശ്രമിക്കാനും കുളിക്കുവാന്‍ ഇറങ്ങുവാനും സാദ്ധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അപകടങ്ങള്‍ക്ക് ആക്കം കൂടും.
അധികാരികള്‍ ഇങ്ങനെ ഒരു അപകടം മുന്നില്‍ കണ്ട് വേണ്ട് നടപടികള്‍ ചെയ്യുവാന്‍ തയ്യാറാകുന്നില്ലായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ദിശാ ബോര്‍ഡുകളൊന്നും തന്നെ സ്ഥാപിച്ചിട്ടില്ല. എത്രയും വേഗം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick