കാട്ടുപന്നി വിമാനത്തിലിടിച്ചു; വന്‍ ദുരന്തം ഒഴിവായി

Tuesday 14 November 2017 5:43 pm IST

വിശാഖപട്ടണം: വിമാനം പുറപ്പെടുന്നതിനിടയില്‍ കാട്ടുപന്നി ഇന്‍ഡിഗോ വിമാനത്തിലിടിച്ചെങ്കിലും വന്‍ ദുരന്തം ഒഴിവായി. 150 യാത്രക്കാരും നാല് ജീവനക്കാരുമായി വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെട്ട 6ഇ-742 വിമാനത്തിലാണ് കാട്ടുപന്നി ഇടിച്ചത്. റണ്‍വെയിലൂടെ നീങ്ങുമ്പോഴാണ് പുറകിലെ ചക്രത്തില്‍ കാട്ടുപന്നി ഇടിച്ചത്. കാട്ടുപന്നി ഓടി വരുന്നത് പൈലറ്റ് കണ്ടെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. എയര്‍ ട്രഫിക് കണ്‍ട്രോള്‍ (എടിസി) റണ്‍വെ ക്ലിയറാണെന്ന അറിയപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് വിമാനം പുറപ്പെടുന്നത്. ഇതിനിടയിലാണ് കാട്ടുപന്നി ഓടിയെത്തിയത്. പുറകിലെ ചക്രത്തിന് തകരാര്‍ സംഭവിച്ചതിനാല്‍ വിമാനം പെട്ടെന്ന് തിരകെ ഇറക്കാനായില്ല. വിമാനത്തില്‍ നിറയെ ഇന്ധനമുള്ളതിനാല്‍ തിരിച്ചിറക്കല്‍ അപകടമായതിനാല്‍ 45 മിനിട്ട് നേരം കൊണ്ട് കടലില്‍ ഇന്ധനം പമ്പ് ചെയ്ത് കളഞ്ഞിരുന്നു. അതിന് ശേഷമായിരുന്നു വിമാനം തിരിച്ചിറക്കിയത്. 790 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തില്‍ കാട്ടുമൃഗങ്ങള്‍ വ്യാപകമാണ്.