മുബൈയില്‍ തുരങ്കം നിര്‍മ്മിച്ച് ബാങ്ക് കൊള്ള; കവര്‍ന്നത് ഒന്നരക്കോടി

Tuesday 14 November 2017 6:57 pm IST

മുംബൈ: ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയില്‍ മുംബൈയില്‍ ബാങ്ക് കവര്‍ച്ച. സമീപത്തെ കടയില്‍ നിന്ന് ബാങ്കിലേക്ക് തുരങ്കം നിര്‍മ്മിച്ച് ലോക്കറുകള്‍ തകര്‍ത്ത് കവര്‍ന്നത് ഏകദേശം 1.5 കോടി രൂപയുടെ ഉരുപ്പടികള്‍. നവിമുംബൈയിലെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് കവര്‍ച്ച. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ മാനേജരാണ് വിവരം അറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായത് സംഘത്തിന് സൗകര്യമായി. 40 അടി നീളത്തില്‍ മൂന്നടി വീതിയില്‍ തുരങ്കം നിര്‍മ്മിച്ചാണ് കവര്‍ച്ച. വെള്ളിയാഴ്ച രാത്രി മുതല്‍ സംഘം ശ്രമം തുടങ്ങിയെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ കടയില്‍ നിന്ന് കെട്ടിടത്തിന്റെ അടിത്തറയ്ക്ക് അഞ്ചടി താഴെയായാണ് തുരങ്കം നിര്‍മിച്ചത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് കരുതുന്നു. ഇവര്‍ ഉള്‍പ്പെട്ട സമാന രീതിയിലുള്ള ജ്വല്ലറി കവര്‍ച്ച മേയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തിലെ ഭക്തി റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിലാണ് ബാങ്ക് അടക്കം സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മുകളില്‍ ഫ്‌ളാറ്റുകള്‍. താഴത്തെ ഒന്നു മുതല്‍ നാലു വരെ കടകളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു. ഏഴാം നമ്പറിലെ ബാലാജി സ്റ്റോറിനു താഴെ നിന്നാണ് തുരങ്കം തുടങ്ങുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ജെന ബച്ചന്‍ പ്രസാദാണ് ഈ കട വാടകയ്‌ക്കെടുത്തത്. ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് സപ്തംബറില്‍ ഇയാള്‍ കട അടച്ചു. നോക്കാനായി രണ്ടു പേരെ ഏല്‍പ്പിച്ചു. സംഘത്തില്‍ ഒന്നിലധികം പേരുണ്ടായിരുന്നെന്നും രാത്രിയിലാണ് തുരങ്കം നിര്‍മിച്ചതെന്നും എസിപി കിരണ്‍ പാട്ടീല്‍ പറഞ്ഞു. ഫ്‌ളാറ്റിലെ താമസക്കാരോ, സമീപത്തുണ്ടായിരുന്ന സുരക്ഷാ ഏജന്‍സിയിലുള്ളവരോ വിവരം അറിഞ്ഞില്ല. തുരങ്കം നിര്‍മിക്കുമ്പോളുള്ള അവശിഷ്ടങ്ങള്‍ സമീപത്തെ ഒഴിഞ്ഞ മൈതാനത്ത് നിക്ഷേപിക്കുകയായിരുന്നു. ഇതും ആരും ശ്രദ്ധിച്ചില്ല, എസിപി പറഞ്ഞു. എട്ട് ടണ്‍ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തി. അതേസമയം, ബാങ്കിന്റെ പ്രധാന ലോക്കര്‍ തകര്‍ത്തിട്ടില്ല. വിവരമറിഞ്ഞ് ഉപയോക്താക്കള്‍ ബാങ്കിനു മുന്നിലെത്തി ബഹളം വച്ചു. അന്വേഷണത്തിന് പോലീസിന്റെ ആറ് സംഘങ്ങളെ നിയോഗിച്ചു. ക്രൈംബ്രാഞ്ചും അന്വേഷിക്കമെന്ന് ഡിസിപി (സോണ്‍ ഒന്ന്) സുധാകര്‍ പതാരെ പറഞ്ഞു.