ഹോം » പ്രാദേശികം » വയനാട് » 

ബാറ്ററിവാട്ടര്‍ കുപ്പി കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ച് വില്‍പന നടത്തി

November 14, 2017

മാനന്തവാടി:നാലാംമൈലിലെ പുഞ്ചിരി ബേക്കറിയുടമയാണ്  ബാറ്ററിവാട്ടര്‍ നിറച്ചുവെച്ചിരുന്ന കുപ്പി കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ച് വില്‍പന നടത്തിയത്. വെള്ളം കുടിച്ചയാള്‍ ജില്ലാശുപത്രിയിലെത്തി ഡോക്ടറെ സന്ദര്‍ശിച്ചശേഷം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കടക്കാരന് പറ്റിയ അബദ്ധമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ നിചസ്ഥിതി മനസ്സിലാക്കാതെ കുടിവെള്ള വിതരണക്കാര്‍ക്കെതിരെ ചിലര്‍ വ്യാജപ്രചരണം നടത്തുന്നുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ചെയ്യുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഞായാറാഴ്ച രാത്രി നാലാംമൈല്‍ പുഞ്ചിരി ബേക്കറിയില്‍ നിന്നും കുടിവെള്ളകുപ്പി വാങ്ങി വെള്ളം കുടിച്ച ബത്തേരി മൂലങ്കാവ് സ്വദേശി ജോബിനും സുഹൃത്തിനുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വെള്ളം വായിലൊഴിച്ചപ്പോള്‍ ആസിഡിന്റെ ചുവ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയ ജോബിന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രതാരം കുടിവെള്ള സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കുടിവെള്ള കമ്പനിയുടെ കുപ്പിയിലാണ് ആസിഡ് കണ്ടെത്തിയതെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പട്ടായിരുന്നു പരാതി.പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി എസ്‌ഐ മഹേഷും സംഘവും നടത്തിയ അന്വേഷണത്തില്‍ കുടിവെള്ളം വിറ്റ കടക്കാരന് സംഭവിച്ച പിഴവാണ് സംഭവത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു. കടയുടമ കടക്കുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന ബാറ്ററി വെള്ളമായിരുന്നു മിനറല്‍ വാട്ടറിനുപകരമായി ബിനോയിക്ക് നല്‍കിയത്. രാത്രിയായതിനാലും, പ്രായാധിക്യം മൂലവും, വാങ്ങുന്നയാള്‍കാണിച്ച തിടുക്കം കാരണവുമാണ് തനിക്ക് അബദ്ധം പറ്റിയതെന്ന് കടയുടമ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് പ്രായമായ വ്യക്തിയായതിനാലും അറിയാതെ സംഭവിച്ച പിഴവായതിനാലും പോലീസ് കടയുടമയെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.എന്നാല്‍ കുടിവെള്ളത്തിന്റെ വിതരണക്കാരെ സംഭവം പ്രതികൂലമായി ബാധിച്ചതായി പരാതിയുണ്ട്. തങ്ങള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ആസിഡ് കണ്ടെത്തിയതായി കുപ്രചരണം നടക്കുന്നതായും ഇതുമൂലം തങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും അവര്‍ പരാതിപ്പെട്ടു. ഒരുകച്ചവടക്കാരന് പറ്റിയ അബദ്ധംമറയാക്കി തങ്ങളുടെ കുപ്പിവെള്ള ബ്രാന്റുമായി ബന്ധപ്പെടുത്തി തല്‍പ്പരകക്ഷികള്‍ നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ മാനനഷ്ടകേസ് ഫയല്‍ചെയ്യുമെന്നും വിതരണക്കാര്‍ അറിയിച്ചു.

 

Related News from Archive
Editor's Pick