പുറക്കാട്: പുറക്കാട് തോട്ടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോടാക്സി മറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം.
നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂള്‍, അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂള്‍ എന്നീവിടങ്ങളിലെ അഞ്ചാം ക്ലാസ്വിദ്യാര്ത്ഥികളായ അഞ്ചുപേരാണ് ഓട്ടോ ടാക്സിയിലുണ്ടായിരുന്നത്. നീര്‍ക്കുന്നം ഗവ. എല്‍ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ പുറക്കാട് മൂലയില്‍ വീട്ടില്‍ തോമസിന്റെ മകള്‍ അന്നാ തോമസ് (11), പുത്തന്‍വീട്ടില്‍ സജിയുടെ മകള്‍ ലിയാമരിയ, തുരുത്തില് ജോസഫിന്റെ മകള്‍ അലീന ജോസഫ്, അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള എല്‍പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ പുറക്കാട് അമല്‍ ഭവനില്‍ അനിലിന്റെ മകന് അമല്‍ (11), നികത്തില്‍ വീട്ടില്‍ ഷാജിയുടെ മകന് അഭിഷേക് (10) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചത്.
തൈച്ചിറഭാഗത്തെത്തിയപ്പോള് എതിരെ വന്ന പെട്ടി ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്ന വഴി ഇരുവാഹനങ്ങളും തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടികളെ രക്ഷപ്പെടുത്തി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍ക്ക് ഇവിടെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു.
തോടിന്റെ ആഴംകൂടിയ ഭാഗത്തേക്ക് ഓട്ടോടാക്സി മറിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: