പലതും നേടണമെന്നുള്ള കൊതിക്കനുസരിച്ച് കര്‍മ്മം ചെയ്യലും അതുകൊണ്ട് കര്‍മ്മഫലം സ്വന്തമാക്കലും ഒന്നുമല്ല ശരിക്കും ലക്ഷ്യമാക്കേണ്ടത്. ഇത് മനസ്സിലാക്കി കഴിഞ്ഞാല്‍ കര്‍മ്മം ചെയ്യല്‍, നേടേണ്ടത് നേടാനുള്ള വഴി അല്ലാതാവുന്നു. അപ്പോള്‍ നേടേണ്ടത് നേടാന്‍ ഒന്നും ചെയ്യാതിരിക്കണമെന്ന് വരുന്നു. ചെയ്യാതിരുന്നു നേടുക എന്നത് അറിവ് കൊണ്ടുമാത്രം സംഭവിക്കുന്ന നേട്ടമായിരിക്കും. ഈ കാര്യം ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
ചില സിനിമാക്കഥകളിലോ നോവലുകളിലോ ഒക്കെ ഒരു പക്ഷേ ഇങ്ങനെ അറിവുകൊണ്ടുള്ള നേട്ടം എന്ന ആശയം പ്രതിപാദിക്കപ്പെട്ടത് നാം ശ്രദ്ധിച്ചിട്ടുണ്ടാവാം. ഒരു യാചകന്, യാചിച്ച് കഷ്ടപ്പെട്ട് ഉപജീവനം നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതേസമയം മറ്റൊരിടത്ത് ഒരാള്‍ക്ക് ഒരു തോന്നലുണ്ടാവുന്നു. അയാള്‍ ഒരു ബ്രിട്ടീഷുകാരനോ, ഓസ്ട്രേലിയക്കാരനോ, സ്വിറ്റ്സര്ലാന്ഡ്കാരനോ, പാകിസ്ഥാന്‍കാരനോ ആരുമാവാം. എന്റെ വേരുകള്‍ തേടി പോകണം എന്നൊരു തോന്നല്‍ ഉണ്ടാവുന്നു!! അങ്ങിനെ ശാസ്ത്രീയമായി വേര് തേടിത്തേടി ഒടുവില്‍ കഥാപാത്രം യാചകന്റെ അടുത്തെത്തുന്നു. എല്ലാവര്ക്കും അത്ഭുതമായി.
വിദേശിയുടെ വേര് ഇവിടെ, അതും ഒരു യാചകനില്! ഡിഎന്‍എ പരിശോധന നടത്തി നോക്കിയപ്പോള്‍ ഒരു കുടുംബം. ഇന്നലെ വരെ യാചകനായിരുന്ന ആളിന്ന് വലിയൊരു കുടംബത്തിലെ അംഗമാണ് കേവലം അറിവുകൊണ്ട് നേടിയ നേട്ടം. ( യാചിച്ചു നേടിയതല്ല. അറിയുന്നതിനു മുമ്പും അയാള്‍ വലിയ കുടുംബത്തിലെ അംഗമായിരുന്നു. പക്ഷേ ബോധ്യമില്ലാതെ പോയി. ആ അറിവ് നഷ്ടപ്പെട്ടുപോയി. അഥവാ ജീവിതയാത്രയില്‍ പലപല ധാരണകള്‍ അവിടെ നിറഞ്ഞു പോയി.) വലിയൊരു കുടുംബത്തിലെ അംഗമാണ് എന്നു മാത്രമല്ല, ധാരാളം സ്വത്തിന്റെ അധിപതിയുമാണ് ഇപ്പോള്‍ ഈ യാചകന്. ഈ നേട്ടത്തിന് യാചകന് ഒന്നും ചെയ്തിട്ടില്ല. അറിവുകൊണ്ട് അയാള്‍ നേടിയവനായി.
ഇതുപോലെ നമ്മുടെ ജിവിതത്തിലും പ്രവൃത്തികൊണ്ട്, അതായത് കര്‍മ്മം കൊണ്ട് നേടുന്നത് തൃപ്തികരമാവില്ലെന്നും, നാശമുള്ളതായിരിക്കുമെന്നും അറിയുമ്പോള്‍ കര്‍മ്മമേഖലയിലെ പ്രതീക്ഷകള്‍ ഉപേക്ഷിക്കാന്‍ വിവേകം കാണിക്കണം. (ഇത് ഒന്നും ചെയ്യാതിരിക്കലാണെന്ന് തെറ്റിദ്ധരിക്കരുതെന്നു മാത്രം) കര്മ്മമല്ലെങ്കില് പിന്നെ അറിവാണ് മറ്റൊരു ഉപാധി. ‘അറിവ് കൊണ്ട് നിങ്ങള്‍ക്കു നേടാം.’ ഇതാണ് ആചാര്യന്മാര് അനുഭൂതിസമ്പന്നതയില് നിന്നു ചെയ്യുന്ന പ്രസ്താവന ഒരാവേശത്തില്‍ കര്‍മ്മത്തെ ഉപേക്ഷിക്കാതെ ആത്മധ്യാനം കൂടുതല്‍ ഗൗരവത്തില്‍ പരിഗണിക്കാന്‍ നമുക്കു തീരുമാനിക്കാം. അതിന് പ്രതിദിനം കുറച്ചു സമയം നീക്കിവെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: