ഹോം » പ്രാദേശികം » വയനാട് » 

സ്‌ഫോടക വസ്തു കള്ളക്കടത്ത് കേസില്‍ തടവും പിഴയും

November 14, 2017

കല്‍പ്പറ്റ:സ്‌ഫോടക വസ്തു കള്ളക്കടത്ത് കേസില്‍ എറണാകുളം, വയനാട്, കോഴിക്കോട് സ്വദേശികള്‍ക്ക് തടവും പിഴയും. കല്‍പ്പറ്റ ഗൂഡലായി കൊല്ലര്‍കണ്ടി വീട്ടില്‍ അഹമ്മദിന്റെ മകന്‍ ലത്തീഫ് (42), കല്‍പ്പറ്റ ഗൂഡലായി തേക്കിനിയില്‍വീട്ടില്‍ ജബ്ബാറിന്റെ മകന്‍ നജീബ് (29), മാടക്കര തച്ചറക്കല്‍ കോയയുടെ മകന്‍ ബഷീര്‍ (46), എറണാകുളം കോതമംഗലം ഇരമല്ലൂര്‍ അംശം നെല്ലിക്കുടി പുന്നമറ്റത്തില്‍ മീരാന്റെ മകന്‍ സിദ്ദീഖ് (44), കോഴിക്കോട് ഇടിയറ നഗരം ആലിക്കാവീട്ടില്‍ ബീരാന്‍കോയയുടെ മകന്‍ സുബൈര്‍ (51), വൈത്തിരി ചാരിറ്റി റോഡ് കണ്ണാട്ടുപറമ്പില്‍ പൈലോയുടെ മകന്‍ ആന്റണി (66), കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കുണ്ടുകുളം വീട്ടില്‍ ബീരന്റെ മകന്‍ ഷിഹാബ് (37) എന്നിവരെയാണ് വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഡോ. വി. വിജയകുമാര്‍ ശിക്ഷിച്ചത്. ഓരോ വര്‍ഷം തടവും 3000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം) ആണ് ശിക്ഷ. നിയമാനുസൃതമായ ലൈസന്‍സോ, രേഖകളോ ഇല്ലാതെ സ്‌ഫോടക വസ്തുക്കള്‍ കടത്തികൊണ്ടുവരികയും കൈവശം വെക്കുകയും ചെയ്തുവെന്നാണ് കേസ്. 1009 ജൂലൈ എട്ടിന് കല്‍പ്പറ്റയില്‍ വച്ചാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ലത്തീഫിന്റെ ആവശ്യപ്രകാരം സുബൈറിന്റെ കോഴിക്കോട്ടുള്ള ഗോഡൗണില്‍ നിന്നാണ് മറ്റ് പ്രതികള്‍ കല്‍പ്പറ്റയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വന്നത്.
കല്‍പ്പറ്റ പോലീസ്, രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കി. ലോകത്തിലെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശമായ നീലഗിരി ബയോസ്ഫിയറില്‍പെടുന്ന വയനാട് ജില്ലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാറ ഖനനം ചെയ്യുന്നത് കാരണം മലകളും കാടുകളും അരുവികളും പുഴകളും നശിക്കുമെന്നും കാവേരി, കബനി, നൂല്‍പ്പുഴ എന്നീ നദികളുടെ വൃഷ്ടിപ്രദേശമായ വയനാട് ജില്ലയുടെ നാശം തെക്കെ ഇന്ത്യയെ തന്നെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുലഭമായി സ്‌ഫോടക വസ്തുക്കള്‍ ലഭിക്കുന്നതാണ് അനിയന്ത്രിതമായി പാറ ഖനനം വര്‍ധിക്കാന്‍ കാരണമെന്നും അതിനാല്‍ ഇത്തരം കേസുകള്‍ ഗൗരവത്തോടുകൂടി കാണണമെന്നും കോടതി വിലയിരുത്തി. കല്‍പ്പറ്റ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.ഡി. സുനിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കല്‍പ്പറ്റ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.എസ്. അരുണ്‍, സി.ഐയായിരുന്ന വി. ബാലകൃഷ്ണന്‍ എന്നിവരാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി വയനാട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ഹാജരായി

 

Related News from Archive
Editor's Pick