ഹോം » ഭാരതം » 

തൊഴിലാളിവിരുദ്ധ നിയമപരിഷ്‌കാരങ്ങള്‍ നിര്‍ത്തിവെക്കണം: ബിഎംഎസ്

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

ന്യൂദല്‍ഹി: തൊഴിലാളി വിരുദ്ധ നിയമപരിഷ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ദേശീയ പ്രസിഡണ്ട് സി.കെ. സജിനാരായണന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ ശില്‍പ്പി അംബേദ്കറാണ് തൊഴില്‍ നിയമങ്ങള്‍ തയ്യാറാക്കിയത്. ഇതില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല.

തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മാറ്റം വരുത്തുന്നത് അവസാനിപ്പിച്ച് സാമൂഹ്യ സുരക്ഷാ കോഡ്, വേജ് ബോര്‍ഡ് തുടങ്ങി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ നാല് ലക്ഷത്തോളം തൊഴിലാളികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്യത്തിന് ശേഷം നിരവധി സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിനായി കാര്യമായൊന്നും ചെയ്തില്ല. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എക്കാലത്തും പോരാട്ടങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. സമരവും സമ്മര്‍ദ്ദവും ഉപയോഗപ്പെടുത്തി മാത്രമേ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കൂ. അതിനാലാണ് ബിഎംഎസ് പ്രക്ഷോഭത്തിനിറങ്ങിയത്. ഏത് പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്നതിനേക്കാള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിനാണ് ബിഎംഎസ് പ്രധാന്യം നല്‍കുന്നത്.

രാജ്യത്ത് കരാര്‍ തൊഴില്‍ വര്‍ദ്ധിക്കുകയാണ്. പല തൊഴില്‍ മേഖലകളിലും 80 ശതമാനത്തോളം ഇപ്പോള്‍ കരാര്‍ തൊഴിലാണ്. എല്ലാ തരത്തിലുമുള്ള കരാര്‍ തൊഴിലുകള്‍ അവസാനിപ്പിക്കണം. തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണം. അംഗനവാടി, ആശാവര്‍ക്കര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം. തൊഴില്‍മേഖലയില്‍ പരിവര്‍ത്തനം ആവശ്യമാണ്.

അസംഘടിത തൊഴില്‍ മേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ അധ്യക്ഷത വഹിച്ചു. രാംലീലാ മൈതാനത്ത് നിന്നാംരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലീസ് തടഞ്ഞു.

Related News from Archive
Editor's Pick