ഹോം » കേരളം » 

ദേശീയ പെന്‍ഷന്‍ പദ്ധതി: ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

കൊല്ലം: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി ബാധകമാക്കിയിരുന്നു. ഇതു പ്രകാരം ജീവനക്കാര്‍ സര്‍വീസില്‍ ഇരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹത യുണ്ടായിരുന്നില്ല.

പുതിയ ഉത്തരവ് പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കും. മരിച്ച ജീവനക്കാരന്‍ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനത്തിനു തുല്യമായ തുകയാണ് ആശ്വാസ ധനസഹായം. രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് ആശ്രിതന്‍ അപേക്ഷ സമര്‍പ്പിക്കണം. മരിച്ച വ്യക്തിയുടെ പെന്‍ഷന്‍ നമ്പര്‍, അവസാനം ശമ്പളം വാങ്ങിയ ട്രഷറിയുടെ പേര്, ശുപാര്‍ശ എന്നിവ സഹിതം സ്ഥാപന മേധാവി അപേക്ഷ ധനകാര്യ (എന്‍പിഎസ്-സെല്‍)വകുപ്പിന് കൈമാറണം.

അപേക്ഷ സ്പാര്‍ക്കിലെ വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷം ഉത്തരവ് ലഭ്യമാക്കുന്ന മുറയ്ക്ക് ആശ്വാസ ധനസഹായം ട്രഷറിവഴി ലഭിക്കും. ആശ്രിത നിയമന പ്രകാരം ജോലി ലഭിക്കുകയാണെങ്കില്‍ വിവരം അതാത് വകുപ്പ് തലവന്മാരെ അറിയിക്കണം. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കുന്ന തുക പലിശ സഹിതം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കും.
ശമ്പളവും ആശ്വാസ ധനസഹായവും ഒരുമിച്ച് വാങ്ങുന്ന സന്ദര്‍ഭമുണ്ടായാല്‍ ജീവനക്കാരന്റെ അടുത്ത മാസശമ്പളത്തില്‍ നിന്ന് മുഴുവന്‍ തുകയും പലിശ സഹിതം ഈടാക്കും. ം വകുപ്പ് തല നടപടിയും കൈക്കൊള്ളും.

ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളവര്‍ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ അവര്‍ പ്രായപൂര്‍ത്തിയായതിന് ശേഷം മൂന്ന് വര്‍ഷം വരെ തുക അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Related News from Archive
Editor's Pick