ഹോം » ഭാരതം » 

പോയസ് ഗാര്‍ഡനില്‍ റെയ്‌ഡ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്
November 18, 2017

ചെന്നൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ അവസാനിച്ചു. നിര്‍ണ്ണായകമായ പല തെളിവുകളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഫിസ് ബ്ലോക്കിലും റെക്കോര്‍ഡ്സ് റൂമിലുമായിരുന്നു പ്രധാന പരിശോധന. ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്റന്‍ ഉപയോഗിച്ച ഒന്നാം നിലയിലെ മുറിയിലും പരിശോധന നടത്തി. ജയലളിതയുടെ മരണ ശേഷം ശശികല ഉപയോഗിച്ച മുറിയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍, മറ്റു സ്റ്റോര്‍ സ്പേയ്സുകള്‍ അടക്കം നിരവധി ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ പോയസ് ഗാര്‍ഡനില്‍ മൊത്തമായുള്ള പരിശോധനയില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവരമറിഞ്ഞ് ശശികലയുടെ സഹോദരീപുത്രനും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമനും ശശികലയുടെ അഭിഭാഷകരും പൂങ്കുന്‍ട്രനും പോയസ് ഗാര്‍ഡനിലെത്തിയെങ്കിലും വേദനിലയത്തിനകത്തേയ്ക്ക് പോലീസ് അവരെ കയറ്റി വിടാന്‍ ആദ്യം തയ്യാറായില്ല. ചര്‍ച്ചകള്‍ക്ക് ശേഷം വിവേകിന് മാത്രം ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അവസരം നല്‍കി.

പുലര്‍ച്ചെ ഒരു മണിയോടെ ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറും പോയസ് ഗാര്‍ഡനിലെത്തി. വിവിധ നഗരങ്ങളിലായി നവംബര്‍ ഒന്‍പതു മുതല്‍ 13 വരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 187ലേറെ ഇടങ്ങളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഒട്ടേറെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

Related News from Archive
Editor's Pick