ഹോം » കേരളം » 

പി.വി അന്‍‌വറിന്റെ പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതിയും ഇല്ല

വെബ് ഡെസ്‌ക്
November 18, 2017

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്കിന് ആരോഗ്യ വകുപ്പന്റെ അനുമതിയില്ല. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ ടി.വി ചാനലുകളിലൂടെ പുറത്തുവന്നു. പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ എംഎല്‍എ ഒരപേക്ഷ പോലും ഇത് സംബന്ധിച്ച്‌ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമായും വെള്ളവുമായി ബന്ധപ്പെട്ടാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നത് കൊണ്ട് തന്നെ ആരോഗ്യ വകുപ്പിന്റെ അനുമതി അത്യാവശ്യമാണ്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഒരപേക്ഷ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്റേതായി സമര്‍പ്പിച്ചിട്ടുള്ളത്.

പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് എട്ടോളം നിയമലംഘനങ്ങള്‍ നടത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ആരോഗ്യവകുപ്പിന്റെ എന്‍ഒസിയും പാര്‍ക്കിന് ഇല്ല എന്നത്.

Related News from Archive
Editor's Pick