ഹോം » കേരളം » 

റേഷന്‍ വിതരണം ഉടന്‍ ആധാറിലേക്ക്

കൊച്ചി: സംസ്ഥാനത്തെ റേഷന്‍ വിതരണം ഉടന്‍ ആധാര്‍ അധിഷ്ഠിതമാകും. ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാനം ഊര്‍ജ്ജിതമാക്കി. ദേശീയ ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാനത്ത് ഇതുവരെ 82 ശതമാനം പേര്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് റേഷന്‍ കടയിലോ സിറ്റി റേഷനിങ്-താലൂക്ക് സപ്ലൈ ഓഫീസുകളിലോ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

നേരത്തെ ആധാര്‍ നല്‍കിയവര്‍ക്ക് നിര്‍ദ്ദേശം ബാധമല്ല. എന്നാല്‍, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഇവര്‍ റേഷന്‍ കടകളിലെത്തി ഉറപ്പുവരുത്തണം. 80.18 ലക്ഷം കാര്‍ഡുകളിലായി 340 ലക്ഷം പേരാണുള്ളത്. ഓരോ കാര്‍ഡിലെയും എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നുണ്ട്. ഒരാള്‍ പല റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിടികൂടി പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ് ആധാര്‍ ബന്ധിപ്പിക്കല്‍ ഊര്‍ജ്ജിതാക്കിയിട്ടുള്ളത്. ആധാര്‍ സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ കാര്‍ഡുടമകളുടെ ഫോണ്‍ നമ്പറിലേക്ക് എസ്എംഎസായി അയയ്ക്കുന്നുണ്ട്.

കാര്‍ഡുടമകളുടെ വിരലടയാളം സ്വീകരിച്ച് റേഷന്‍ നല്‍കുന്ന സംവിധാനവും ഉടന്‍ നിലവില്‍ വരും. ഇതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. ഇ-പോസ് യന്ത്രം വരുന്നതോടെ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കടകളില്‍ നിന്ന് റേഷന്‍ വാങ്ങാനാകും.

ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ളവ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന രീതിയും നിലവില്‍ വരും. ഇതോടെ റേഷന്‍ മേഖലയിലെ തിരിമറി പൂര്‍ണമായും തടയാനാകും. ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണമായും നടപ്പാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ നടപടി.

ഇ-പോസ്: പരിശീലനം അടുത്തയാഴ്ച മുതല്‍

കൊച്ചി: റേഷന്‍ വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ഇ-പോസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരിശീലനം അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പിന്നീട് റേഷന്‍ കടയുടമകള്‍ക്കുമാണ് പരിശീലനം. അടുത്തമാസം ഇ-പോസ് യന്ത്രം സ്ഥാപിച്ച് റേഷന്‍ വിതരണം ആരംഭിക്കുന്ന കൊല്ലം ജില്ലയിലുള്ളവര്‍ക്കാണ് ആദ്യം പരിശീലനം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick