ഹോം » കേരളം » 

തസ്തിക അനുപാതം; റവന്യു വകുപ്പിന് നിഷേധ സമീപനം

ആലപ്പുഴ: തസ്തിക അനുപാതം കൃത്യമായി നടപ്പാക്കുന്നതില്‍ റവന്യു വകുപ്പ് നിഷേധ സമീപനം സ്വീകരിക്കുന്നതായി പരാതി. നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിനു ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കുന്നതാണ് ഈ നടപടി.

പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ഉത്തരവനുസരിച്ചു 2016 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തിക അനുപാതം എല്‍ഡി ടൈപ്പിസ്റ്റ്, യുഡി ടൈപ്പിസ്റ്റ്, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് എന്നിങ്ങനെയാണ്. റവന്യു വകുപ്പില്‍ 14 ജില്ലകളിലുമായി 765 ടൈപ്പിസ്റ്റ് തസ്തികകളാണ് ഉള്ളത്. എന്നാല്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഉത്തരവ് പല ജില്ലകളിലും പാലിക്കുന്നില്ല.

ഇതിനു കാരണം ചില ഉന്നത ഉദ്യോഗസ്ഥരാണെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ചു പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ജനുവരിയില്‍ ചീഫ് സെക്രട്ടറിക്കും, വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വന്ന രണ്ട് ഒഴിവുകള്‍ കഴിഞ്ഞയിടെ റവന്യു വകുപ്പ് പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സ്ഥലം മാറ്റത്തിലൂടെ ഈ തസ്തികകളില്‍ വകുപ്പ് നിയമനം നടത്തുകയായിരുന്നു.

ഇത്തരം നടപടികള്‍ക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. ആറായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട എല്‍ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴും നാനൂറോളം പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിരിക്കുന്നത്.

 

Related News from Archive
Editor's Pick