ഹോം » കേരളം » 

‘മാറി നില്‍ക്കങ്ങോട്ട്…’ വിവാദം: പോലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം

പ്രിന്റ്‌ എഡിഷന്‍  ·  November 19, 2017

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ‘മാറി നില്‍ക്കങ്ങോട്ട്…’ എന്നാക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നു. പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞില്ലെന്നാരോപിച്ചാണ് നടപടി നീക്കം. ഇതു സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് വാങ്ങിയാണ് നീക്കം.

എസ്‌ഐ വിബിന്‍ദാസ്, ഗ്രേഡ് എസ്‌ഐ രാജന്‍ എന്നിവര്‍ കൃത്യവിലോപം നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു മുന്നിലേക്കെത്തുന്നത് ഇവര്‍ തടഞ്ഞില്ല.

വെള്ളിയാഴ്ച സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് ലെനിന്‍ സെന്ററിലെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. തോമസ്ചാണ്ടിയുടെ രാജിയുയര്‍ത്തിയ പ്രശ്‌നങ്ങളും സിപിഎം-സിപിഐ തര്‍ക്കവുമെല്ലാമായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. ഇതില്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് ‘മാറി നില്‍ക്കങ്ങോട്ട്…’ എന്നാക്രോശിക്കുകയായിരുന്നു. മുമ്പ് സിപിഐ-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് സമാധാനയോഗത്തിന്റെ ദൃശ്യങ്ങളെടുക്കാനെത്തിയവരോട് കടക്കൂ പുറത്ത് എന്ന പിണറായിയുടെ ദേഷ്യവും ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ‘മാറി നില്‍ക്കങ്ങോട്ട്…’ ആക്രോശവും വിവാദത്തിലായി.

തോമസ് ചാണ്ടിയുടെ രാജിയുയര്‍ത്തിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കണമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാനെത്തുന്ന മാധ്യമങ്ങളെ തടയുന്ന പതിവില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

Related News from Archive
Editor's Pick