ഹോം » ലോകം » 

ഐഎസ് ഭീകരരെ രക്ഷപ്പെടുത്താന്‍ സഖ്യസേന സഹായം നല്‍കി

വെബ് ഡെസ്‌ക്
November 19, 2017

ലണ്ടന്‍: സിറിയയിലെ റാഖയില്‍ നിന്ന് കഴിഞ്ഞ മാസം നൂറുകണക്കിന് ഐഎസ് ഭീകരര്‍ പലായനം ചെയ്തത് യുഎസ്, യുകെ സുരക്ഷാ സേനയുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ അന്വേഷണാത്മക ഡോക്യുമെന്ററിയിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്.

പലായനം ചെയ്തവര്‍ക്കായി ഏര്‍പ്പെടുത്തിയ ട്രക്കുകളിലാണ് ഭീകരരും രക്ഷപ്പെട്ടത്. 250 ഭീകരരും 3500ന് അടുത്തുവരുന്ന ഇവരുടെ കുടുംബാംഗങ്ങളെയുമാണ് സുരക്ഷാ സേന ട്രക്കുകളില്‍ രക്ഷപ്പെടുത്തിയത്. ഇവരുടെ വാഹനങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ കടത്തിയതായും ഇത്തരത്തിലാണ് റാഖയില്‍ സഖ്യസേന വിജയത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍നിന്നു അമേരിക്കന്‍, ബ്രിട്ടീഷ്, കുര്‍ദിഷ് സേനകള്‍ ഐഎസ് ഭീകരരെ രക്ഷപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിറിയയിലും മറ്റു പ്രദേശങ്ങളിലും ഭീകരത പടര്‍ത്തുന്നതിനായായാണ് ഈ രക്ഷപ്പെടുത്തലെന്നും റാഖാസ് ഡേര്‍ട്ടി സീക്രട്ട്(റാഖയിലെ വൃത്തികെട്ട രഹസ്യങ്ങള്‍) എന്ന പേരില്‍ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ വിമര്‍ശിക്കുന്നു.

സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കു പുറത്തുനിന്ന് ഐഎസില്‍ ചേര്‍ന്ന ഭീകരരും ഈ രക്ഷപ്പെടുത്തലില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഫ്രാന്‍സ്, തുര്‍ക്കി, അസര്‍ബൈജാന്‍, പാക്കിസ്ഥാന്‍, യെമന്‍, ചൈന, സൗദി, ടുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവരിലധികവും.

ഒക്ടോബര്‍ 12ന് ആയുധവാഹകരായ ഭീകരര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ബിബിസി രഹസ്യമായി ചിത്രീകരിച്ചു പുറത്തുവിട്ടിരുന്നു.

Related News from Archive
Editor's Pick