ഹോം » കേരളം » 

ജോലി സമയത്തെ മൊബൈല്‍ ഉപയോഗം; സര്‍ക്കാര്‍ ജീവനക്കാരെ പൂട്ടാനുള്ള പോലീസ് നീക്കം പാളി

പ്രിന്റ്‌ എഡിഷന്‍  ·  November 20, 2017

ആലപ്പുഴ: ജോലി സമയത്ത് മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നവരെ പിടികൂടാനുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രമം പാളി. ഫേസ്ബുക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കാന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഭരണപക്ഷാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പോലീസ് നിരീക്ഷണത്തിനെതിരെ ശക്തമായി രംഗത്തെത്തിയതോടെയാണ് ഡിജിപിയുടെ നിര്‍ദ്ദേശം കടലാസില്‍ ഒതുങ്ങിയത്. നിരീക്ഷണ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. സമൂഹ മാധ്യമങ്ങളില്‍ ഔദ്യോഗിക സമയത്ത് ഉദ്യോഗസ്ഥര്‍ സമയം ചിലവഴിച്ചതായി വിവരങ്ങള്‍ ലഭിച്ചാല്‍ ആ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് നല്‍കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് ഇത്തരത്തില്‍ നീക്കമുണ്ടായത്. എന്നാല്‍ വര്‍ഷം ഒന്നു പിന്നിട്ടിട്ടും ജോലിസമയത്തെ അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെതിരെ ഒരാള്‍ക്കെതിരെ പോലും നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരെ നന്നാക്കാന്‍ ഇറങ്ങിയ പോലീസ് സേനാംഗങ്ങള്‍ക്കിടയിലാണ് ഔദ്യോഗിക സമയത്ത് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടുതല്‍, പ്രത്യേകിച്ച് വനിതാ പോലീസുകാര്‍ക്കിടയില്‍. ഗവ. ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവടങ്ങളില്‍ രോഗികളെ പരിശോധിക്കുന്ന സമയത്തുപോലും മൊബൈല്‍ ഫോണില്‍ കളിക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലും, ആശുപത്രികളിലും പരിശോധന നടത്താന്‍ പോലീസിനെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമെ പരിഹാരം കാണാന്‍ കഴിയുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick