ഹോം » ഭാരതം » 

അലിഗഢില്‍ ആണ്‍-പെണ്‍ വിവേചനം അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ

പ്രിന്റ്‌ എഡിഷന്‍  ·  November 20, 2017

ലക്‌നൗ: അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബിരുദതലത്തില്‍ ആണ്‍-പെണ്‍ വിവചേനം അവസാനിപ്പിക്കണമെന്ന് നിര്‍ദേശം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കോളേജുകള്‍ വേണ്ടെന്ന് യുജിസി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ഷിയ-സുന്നി പഠന വകുപ്പുകള്‍ ഏകീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

പഴയകാല ജന്മിത്ത സംസ്‌കാരവും ശരിയായ അറിവ് നല്‍കുന്നത് തടസപ്പെടുത്തുന്ന ഇപ്പോഴത്തെ മനോഭാവവും മാറണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ലിംഗ വ്യത്യാസമില്ലാത്ത നിലവിലെ ലോകക്രമത്തെ അടിസ്ഥാനമാക്കിയാകണം വിദ്യാഭ്യാസ രീതി. വിദ്യാര്‍ത്ഥികളെ അറിഞ്ഞുള്ള പാഠ്യക്രമം നടപ്പാക്കണം.

സര്‍വകലാശാലയില്‍ പ്രാദേശിക, മത വ്യത്യാസങ്ങള്‍ പ്രകടമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും ഇതിന് അപവാദമല്ല. ഈ സാഹചര്യം ഒഴിവാക്കാന്‍ നടപടി വേണം. വിസിമാരെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണം. മറ്റു സര്‍വകലാശാലകളിലേതുപോലെ വിദഗ്ധ സമിതിയാകണം ഇവരെ തെരഞ്ഞെടുക്കേണ്ടത്. ദേശീയ തലത്തില്‍ പ്രവേശന പരീക്ഷ നടത്തിയാകണം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടതെന്നും സമിതി നിര്‍ദേശിക്കുന്നു.

റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അലിഗഢ് സര്‍വകലാശാല വക്താവ് ഒമര്‍.എസ്. പീര്‍സദ വിസമ്മതിച്ചു. സര്‍വകലാശാലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 10 സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ ഏപ്രില്‍ 25നാണ് യുജിസി സമിതിക്ക് രൂപം നല്‍കിയത്. അലഹാബാദ്, പോണ്ടിച്ചേരി സര്‍വകലാശകളും ഇതിലുള്‍പ്പെടും.

 

Related News from Archive
Editor's Pick