ഹോം » ഭാരതം » 

ശമ്പളവര്‍ധന; തീരുമാനം വൈകുന്നു

പ്രിന്റ്‌ എഡിഷന്‍  ·  November 20, 2017

ന്യൂദല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ തീരുമാനം വൈകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന സൈനിക മേധാവികള്‍ക്കും കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളമാണിപ്പോള്‍ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ലഭിക്കുന്നത്. രാഷ്ട്രപതിക്ക് പ്രതിമാസം ഒന്നര ലക്ഷം, ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷം, ഗവര്‍ണര്‍ക്ക് 1.10 ലക്ഷം എന്നിങ്ങനെയാണ് ശമ്പളം.

കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പായതോടെ, കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ തസ്തികയായ ക്യാബിനറ്റ് സെക്രട്ടറിക്ക് ശമ്പളം, 2.5 ലക്ഷം രൂപയാണ്. വകുപ്പു സെക്രട്ടറിക്ക് മാസം കിട്ടുന്നത് 2.25 ലക്ഷം. മൂന്നു സൈന്യത്തിന്റേയും മേധാവി എന്നാണ് രാഷ്ട്രപതിക്കുള്ള വിശേഷണം. എന്നാല്‍ സേനാ മേധാവികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് രാഷ്ട്രപതിക്കു കിട്ടുന്നത്. ക്യാബിനറ്റ് സെക്രട്ടറിക്കു തുല്യമായ ശമ്പളം സേനാ മേധാവിമാര്‍ക്കു ലഭിക്കുന്നു.

രാഷ്ട്രപതിക്ക് അഞ്ചു ലക്ഷം, ഉപരാഷ്ട്രപതിക്ക് 2.5 ലക്ഷം, ഗവര്‍ണര്‍ക്ക് മൂന്നു ലക്ഷം എന്നിങ്ങനെ പുതുക്കിയ ശമ്പള വ്യവസ്ഥയ്ക്കുള്ള ശുപാര്‍ശയാണ് ക്യാബിനറ്റ് സെക്രട്ടേറിയറ്റിനു മുന്നിലുള്ളത്. ഇവിടെ നിന്ന് ആഭ്യന്തരമന്ത്രാലയത്തിലെത്തണം. അവിടെ നിന്നുള്ള അംഗീകാരത്തോടെ വേണം പാര്‍ലമെന്റില്‍ വെയ്ക്കാന്‍. 2008ലാണ് മുമ്പ് മൂന്നു പേരുടേയും ശമ്പളം പുതുക്കിയത്. അന്നുവരെ 50,000, 40,000, 36,000 എന്നിങ്ങനെയായിരുന്നു ശമ്പളം.

Related News from Archive
Editor's Pick