ഹോം » കേരളം » 

സമാന തസ്തികകള്‍ക്ക് വ്യത്യസ്ത പ്രായപരിധി: തെറ്റെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പ്രിന്റ്‌ എഡിഷന്‍  ·  November 20, 2017

തിരുവനന്തപുരം: സമാനതസ്തികകള്‍ക്ക് വ്യത്യസ്തപ്രായപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് പിഎസ്‌സി സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്. ഫയര്‍മാന്‍, ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികകളുടെ പ്രായപരിധി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഫയര്‍മാന്‍, ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികകളുടെ ഉയര്‍ന്ന പ്രായപരിധി 26 വയസാണ്. എന്നാല്‍ സമാനതസ്തികകളായ എക്‌സൈസ് ഡ്രൈവര്‍, ജയില്‍ വാര്‍ഡന്‍ എന്നീ തസതികകള്‍ക്ക് 39 വയസാണ് പ്രായപരിധി. ഇത് വിവേചനപരമാണെന്ന് പരാതിപ്പെട്ട് വിമല്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കമ്മീഷന്‍ പിഎസ്‌സി സെക്രട്ടറിയില്‍ നിന്ന് വിശദീകരണം വാങ്ങി. വിവിധ തസ്തികകളിലേക്ക് പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലെ യോഗ്യതകളും പ്രായപരിധിയും നിശ്ചയിക്കുന്നത് പ്രസ്തുത തസ്തികകളുടെ സ്‌പെഷ്യല്‍ റൂളുകളുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫയര്‍മാന്‍, ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍, പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിവയുടെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധി 18-26 വയസാണ്. പ്രസ്തുത തസ്തികകളുടെ സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ പിഎസ്‌സിക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick