ഹോം » കേരളം » 

സിപിഎം നേതാവിന് നിയമം ലംഘിച്ച് പട്ടയം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പ്രിന്റ്‌ എഡിഷന്‍  ·  November 20, 2017

ഇടുക്കി: പൂപ്പാറയിലെ സിപിഎം നേതാവ് അലിക്കും ഭാര്യ ഹാജിറയ്ക്കും ഏലക്കാട്ടില്‍ പട്ടയം അനുവദിച്ചതിലും, കെട്ടിടം നിര്‍മ്മിക്കാന്‍ നിയമം ലംഘിച്ച് എന്‍ഒസി നല്‍കിയതിലും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തഹസില്‍ദാര്‍മാരായ പി.പി. ജോയി, ജ്യൂസ് റാവുത്തര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജയന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍, ക്ലാര്‍ക്കുമാരായ സുനില്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫീസില്‍ നിന്നു മെമ്മൊ നല്‍കിയത്.

ഇടുക്കിയില്‍ ജോലി നോക്കിയിരുന്ന ജോയി, ജ്യൂസ് റാവുത്തര്‍ എന്നിവരെ വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റി. ഈ കേസില്‍ അന്നത്തെ എല്‍എ തഹസില്‍ദാറായിരുന്ന തുളസി.കെ. നായര്‍ക്കെതിരെയും അന്വേഷണമുണ്ട്. ഇവര്‍ ഒരു വര്‍ഷം മുന്‍പ് വിരമിച്ചു.

സര്‍വെ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സര്‍വെ വിഭാഗത്തില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഇവരില്‍ നിന്ന് മറുപടി വാങ്ങും. തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ് കളക്ടറായിരുന്ന സമയത്താണ് ഉദ്യോഗസ്ഥര്‍ നടത്തിയ നിയമ ലംഘനം കണ്ടെത്തിയത്.

തുടര്‍ന്ന് അലിക്കും ഭാര്യയ്ക്കും അനുവദിച്ച 40 സെന്റിന്റെ പട്ടയം റദ്ദാക്കി. ഈ നടപടിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടി കളക്ടര്‍ അംഗീകരിച്ചിരുന്നു.

Related News from Archive
Editor's Pick