ഹോം » കേരളം » 

കോര്‍പറേഷന്‍ യോഗത്തിലെ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന

വെബ് ഡെസ്‌ക്
November 20, 2017

 

തിരുവനന്തപുരം: പ്രതിച്ഛായ നഷ്ടമായ സിപിഎം അത് വീണ്ടെടുക്കാന്‍ സൃഷ്ടിച്ച തിരക്കഥയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ അക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

തിരുവനന്തപുരം മേയറെ ആക്രമിച്ചു എന്നത് പച്ചനുണയാണ്. വധശ്രമത്തിന് കേസെടുക്കാന്‍ ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരെയും പ്രവര്‍ത്തകരെയും കള്ളകേസില്‍ കുടുക്കി ജയിലഴിക്കുള്ളിലാക്കാനാണ് ശ്രമമെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും.

കേരളത്തില്‍ ശാന്തിയും സമാധാനവുമുണ്ടാകാനാണ് ബിജെപി ആഗ്രഹിക്കുന്നത്. സിപിഎമ്മിനെ രക്ഷപ്പെടുത്തുകയും എതിര്‍പക്ഷക്കാരെ കേസുകളില്‍ പെടുത്തി പീഡിപ്പിക്കുകയുമാണ് പോലീസ് ചെയ്യുന്നതെന്ന് നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും കുമ്മനം പറഞ്ഞു.

ബിജെപി കൊണ്ടുവന്ന പ്രമേയം അംഗീകരിക്കാത്തതിനെതിരെ നടന്ന പ്രതിഷേധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രമേയം അംഗീകരിക്കാതെ കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മേയര്‍ ക്യാബിനിലേക്ക് പോകുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതിനു ശേഷം ഓഫീസിലേക്ക് പോകുന്നതിനിടെ മുണ്ടില്‍ ചവിട്ടി കാല്‍ തെറ്റി മേയര്‍ വി.കെ. പ്രശാന്ത് വീണു. ഇതിനെ ബിജെപി കൗണ്‍സിലര്‍മാര്‍ തള്ളിയിട്ടുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ നേട്ടത്തിനായി സിപിഎം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.

 

 

Related News from Archive
Editor's Pick