ഹോം » കേരളം » 

സിപിഎം കലാപത്തിന് ശ്രമിക്കുന്നു: എം.ടി.രമേശ്

കണ്ണൂര്‍: ഭരണവീഴ്ച മറയ്ക്കാന്‍ സിപിഎം ആസൂത്രിത കലാപത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുളളവരുടെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രാഷ്ട്രീയ അക്രമങ്ങള്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സെക്രട്ടറിയുടെ ശ്രമം. തോമസ് ചാണ്ടി വിഷയത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട പാര്‍ട്ടി ഇത്രമാത്രം നാണംകെട്ട കാലഘട്ടം ഉണ്ടായിട്ടില്ല. ഇതിന്റെ ജാള്യത മറയ്ക്കാനാണ് അക്രമങ്ങള്‍ നടത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം മേയറെ അക്രമിച്ചെന്ന കളളപ്രചാരണം.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി മുന്‍കൈയടുത്ത് നടത്തിയ ചര്‍ച്ചകളും തീരുമാനങ്ങളും സിപിഎം ലംഘിച്ചു. തിരുവനന്തപുരത്ത് നടന്നത് തദ്ദേശ സ്ഥാപന യോഗങ്ങളില്‍ സാധാരണ സംഭവിക്കാറുളള വാക്കു തര്‍ക്കവും ഉന്തും തളളും മാത്രമാണ്. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പേരില്‍ വധശ്രമമുള്‍പ്പെടെ ഉള്‍പ്പെടുത്തി കളളക്കേസെടുത്തിരിക്കുകയാണ്.

ഭരിക്കാന്‍ അര്‍ഹതയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഒരേ സമയത്ത് രണ്ടിടത്ത് മന്ത്രിസഭാ യോഗം ചേരുകയായിരുന്നു ചാണ്ടി പ്രശ്‌നത്തില്‍ സംഭവിച്ചത്.

Related News from Archive
Editor's Pick