വിജയവാഡ: 33-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ കേരളത്തെ പിന്തള്ളി ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി. 27 സ്വര്‍ണ്ണവും 16 വീതം വെള്ളിയും വെങ്കലവും നേടി 408 പോയിന്റുമായാണ് ഹരിയാന കിരീടം നേടിയത്. രണ്ടാമതെത്തിയ കേരളത്തിന് 24 സ്വര്‍ണ്ണവും 17 വെള്ളിയും 18 വെങ്കലവുമടക്കം 400 പോയിന്റുകളാണുള്ളത്.
കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടന്നപ്പോള്‍ നേടിയതിനേക്കാള്‍ 6 സ്വര്‍ണ്ണം കൂടുതല്‍ സ്വന്തമാക്കിയെങ്കിലും ഇത്തവണ ഹരിയാനയുടെ കുതിപ്പിന് തടയിടാന്‍ കേരളത്തിന്റെ കൗമാര താരങ്ങള്‍ക്കായില്ല. മൂന്നാം സ്ഥാനത്ത് അപ്രതീക്ഷിത കുതിപ്പുമായി ഉത്തര്‍പ്രദേശ്. 15 സ്വര്‍ണ്ണവും 17 വീതം വെള്ളിയും വെങ്കലവുമടക്കം 340 പോയിന്റാണ് യുപി വാരിക്കൂട്ടിയത്.
അതേസമയം പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഒഴികെയുള്ള മൂന്ന് വിഭാഗങ്ങളിലും കേരളമാണ് ചാമ്പ്യന്മാര്. അണ്ടര്‍ 16-ല്‍ 64ഉം 18-ല്‍ 79ഉം 20-ല്‍ 76 പോയിന്റും നേടിയാണ് കേരളത്തിന്റെ കുതിപ്പ്. പെണ്‍കുട്ടികളുടെ ഓവറോള്‍ വിഭാഗത്തില്‍ 230 പോയിന്റാണ് കേരളം നേടിയത്. 187 പോയിന്റുമായി ഹരിയാന രണ്ടാം സ്ഥാനവും 185 പോയിന്റുമായി തമിഴ്നാട് മൂന്നാമതുമെത്തി. അതേസമയം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ മാത്രമാണ് കേരളത്തിന് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 221 പോയിന്റുമായി ഹരിയാനയും ഉത്തര്‍പ്രദേശും കിരീടം പങ്കിട്ടു. 170 പോയിന്റുമായി കേരളം രണ്ടാമത്.
അവസാന ദിനം കേരളത്തിന്റെ അക്കൗണ്ടിലെത്തിയത് അഞ്ചു സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവുമാണ്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്, അണ്ടര്‍ 20 വിഭാഗം 800 മീറ്ററില്‍ അബിത മേരി മാനുവല്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ അഭിഷേക് മാത്യു, അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ബിബിന്‍ ജോര്‍ജ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേ ടീമും കേരളത്തിനായി സ്വര്‍ണ്ണമണിഞ്ഞു.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ എന്‍. അനസ്, അണ്ടര്‍ 16 ആണ്. 800 മീറ്ററില്‍ അബിന്‍ സാജന്, ഇതേ വിഭാഗം പെണ്. 800 മീറ്ററില്‍ എ.എസ്. സാന്ദ്ര, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ജി. ഗായത്രി എന്നിവരാണ് വെള്ളി ജേതാക്കള്‍. ട്രിപ്പിള്‍ജമ്പില്‍ ബോബി സാബു (അണ്ടര്‍ 20), എ. അജിത്ത് (അണ്ടര്‍ 18), അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സി. ബബിത എന്നിവരാണ് വെങ്കലം നേടിയത്. മറ്റൊരു വെങ്കലം ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍.
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ബാനറില്‍ മത്സരിക്കാനിറങ്ങിയ മലയാളി താരം ജിസ്ന മാത്യു അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച താരമായത് നിരാശയിലും സന്തോഷം പകരുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: