ഹോം » കേരളം » 

ഇടുക്കിയില്‍ ഹര്‍ത്താല്‍; വ്യാപക അക്രമം

വെബ് ഡെസ്‌ക്
November 21, 2017

മൂന്നാര്‍: കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ചു വരുന്ന നടപടികളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ ജനകീയ സമിതി ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം.

ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. അതിനിടെ വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നോക്കിനില്‍ക്കെ ഇവര്‍ വിനോദസഞ്ചാരികളെ അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൈയേറ്റ ശ്രമം.

ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കൈയേറ്റ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന പള്ളിവാസല്‍, മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്പാറ, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍.

മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പാക്കുക, നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

നേരത്തെ, ഹര്‍ത്താലിനെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവര്‍ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിലപാടറിയിച്ചിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick