ഹോം » കേരളം » 

നാവികസേനയുടെ ഡ്രോണ്‍ തകര്‍ന്നു വീണു

വെബ് ഡെസ്‌ക്
November 21, 2017

മട്ടാഞ്ചേരി: നിരീക്ഷണ പറക്കലിനിടെ നാവിക സേനാ വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയുടെ വടക്ക് ഭാഗത്ത് ആളില്ലാ നിരീക്ഷണ വിമാനം തകര്‍ന്നുവീണു. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. ഉപരാഷ്ട്രപതി എം. വെങ്കയ്യാനായിഡു കൊച്ചിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിരീക്ഷണ വിമാനം തകര്‍ന്നുവീണതിനെക്കുറിച്ച് നാവികസേന-കേന്ദ്ര സുരക്ഷ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.

കൊച്ചി നാവിക വിമാനത്താവള റണ്‍വേയ്ക്ക് സമീപമുള്ള സ്വകര്യ ഇന്ധന സംഭരണ കേന്ദ്രത്തില്‍ ഡീസല്‍ പെട്രോള്‍ രാസവസ്തു സംഭരണികള്‍ക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ഒഴിഞ്ഞ ടാങ്കുകളായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.ഇസ്രയേല്‍ നിര്‍മ്മിതമായ വിമാനം ഒന്‍പത് മൈല്‍ ചുറ്റളവിലുള്ള നിരീക്ഷണമാണ് നടത്തുക. ഏട്ട് മണിക്കൂര്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ശേഷിയുള്ള റിമോട്ട് നിയന്ത്രിത വിമാനം യന്ത്രതകരാറിനെ തുടര്‍ന്നാണ് തകര്‍ന്നു വീണതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് നാവികസേന പോലീസ് അഗ്‌നിശമനസേന തുടങ്ങിയവരെത്തി മേഖല അപകടമുക്തമാക്കി. വിമാനാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു.

കാല്‍ നൂറ്റാണ്ടിനിടെ കൊച്ചിയില്‍ നാലാമത്തെ വിമാന ദുരന്തമാണ് ഇന്നലെ നടന്നത്. 1998ല്‍ പരിശീലന പറക്കലിനിടെ ‘ഡോണിയര്‍ വിമാനം’ നാവിക വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണിരുന്നു. 2006 ല്‍ യുദ്ധസാമ്രഗ്രികളുമായി കൊച്ചിയിലെത്തിയ വിമാനം താഴ്ന്ന് പറന്നത് പള്ളുരുത്തി മേഖലയില്‍ ഒട്ടേറെ വീടുകള്‍ തലനാരിഴ വ്യത്യാസത്തിലാണ് വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 2016 ജൂലായില്‍ നിരീക്ഷണ വിമാനം കടലില്‍ തകര്‍ന്നു വീണിരുന്നു.

Related News from Archive
Editor's Pick