ഹോം » കേരളം » 

പോലീസ് അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൂടി: മനുഷ്യാവകാശ കമ്മീഷന്‍

പ്രിന്റ്‌ എഡിഷന്‍  ·  November 22, 2017

കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് പറഞ്ഞു. കോഴിക്കോട്ട് മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് അധികാര ദുര്‍വിനിയോഗം ചെയ്യുകയാണ്. ഇതിനെതിരെ നടപടി ഉണ്ടാവണം.

കുറ്റാരോപിതരോടുപോലും മാന്യമായി പെരുമാറാന്‍ പോലീസിന് കഴിയണം. എന്നാല്‍ പോലീസ് പഴയ സ്വഭാവത്തിലേക്ക് തിരിച്ചുപോവുകയാണ്. അന്വേഷണത്തിലും കേസ് തെളിയിക്കുന്നതിലും പ്രാപ്തരായ നല്ല ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും ഒരു വിഭാഗം പോലീസ് വഴിവിട്ട് പെരുമാറുകയാണ്. ജനങ്ങളോടുള്ള പോലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. പോലീസിനെതിരെ ഉയരുന്ന എല്ലാ പരാതികളും യാഥാര്‍ത്ഥ്യമാവണമെന്നില്ല- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടിവരികയാണ്. കോഴിക്കോട് തുടര്‍ച്ചയായി രണ്ട് ദിവസം സിറ്റിംഗ് നടത്തേണ്ടിവന്നത് പരാതികളുടെ വര്‍ദ്ധനവ് കൊണ്ടാണ്. മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധവും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയാല്‍ പരിഹാരമുണ്ടാകുമെന്ന ധാരണയുമായിരിക്കാം ഇതിനു കാരണം.
ഡിസംബര്‍ 10 ലോക മനുഷ്യാവകാശദിനമായി ആചരിക്കുകയാണ്. ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും.

പ്രായപൂര്‍ത്തിയാവാത്ത ദളിത് വിദ്യാര്‍ത്ഥിയെ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ ഹബീബുള്ള ഹാജരാവാത്തതിനെ മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു. കമ്മീഷന്‍ സിറ്റിംഗ് നടക്കുന്ന സ്ഥലത്തേക്ക് വരുന്ന വഴിയില്‍ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനാല്‍ എസ്‌ഐയ്ക്ക് വരാന്‍ പറ്റില്ലെന്ന് അഭിഭാഷകന്‍ മുഖേന അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് പോലും നല്‍കാത്ത നടപടിയെ കമ്മീഷന്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് ശരിയാണെന്ന് കണ്ടെത്തിയാല്‍ എസ്‌ഐക്കെതിരെ അച്ചടക്ക നടപടിക്കും കേസെടുക്കാനും നിര്‍ദ്ദേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick