ഹോം » പ്രാദേശികം » കോഴിക്കോട് » 

കുറ്റിയാടി ബൈപ്പാസ് കടലാസില്‍ തന്നെ ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു

November 21, 2017

കുറ്റിയാടി: കുറ്റിയാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട കുറ്റിയാടി ബൈപ്പാസ് കടലാസില്‍ ഒതുങ്ങുമ്പോള്‍,ടൗണ്‍ ഗതാഗത ക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. കഴിഞ്ഞ ബജറ്റില്‍ ബൈപ്പാസിന് പണം വകയിരുത്തിയിട്ടും തുടര്‍ നടപടികളൊന്നുമില്ലാതെ ഇപ്പോഴും ബൈപ്പാസ് എന്ന സ്വപ്‌നം കടലാസില്‍ തന്നെ.
2008ലാണ് ബൈപ്പാസിനുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പ്രാരാഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലമുടമകളുടെ എതിര്‍പ്പുമൂലം പ്രാരംഭപ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. തുടര്‍ന്ന് 2016-17വര്‍ഷത്തില്‍ 10 കോടിയും 201718 ബജറ്റില്‍ 20 കോടിയും ബൈപ്പാസിനായി അനുവദിച്ചു. ബൈപ്പാസിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഇഴയുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനിശ്ചിതമായി നീളാന്‍ ഇടയാക്കുന്നത്. കുറ്റിയാടി വില്ലേജിലെ വളയന്നൂര്‍,തൊണ്ടിപ്പൊയില്‍ ഭാഗങ്ങളിലെ 64 കര്‍ഷകരുടെ ഭൂമിയാണ് നിര്‍ദ്ദിഷ്ട ബൈപ്പാസിനായി എറ്റെടുക്കേണ്ട്.
കഴിഞ്ഞ ആഗസ്റ്റില്‍ കുറ്റിയാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ബൈപ്പാസ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നെങ്കിലും പിന്നിടൊന്നും നടന്നില്ല. വടകര കുറ്റിയാടി സംസ്ഥാന പാതയില്‍ കടേക്കച്ചാലില്‍ നിന്നും വളയന്നൂര്‍ വഴി കുറ്റിയാടി വലിയ പാലത്തിനടുത്ത് എത്തിച്ചേരുന്നതരത്തിലാണ് ബൈപ്പാസിന്റെ അലൈമെന്റ്.
റോഡ് കടന്നുപോകുന്ന വഴിയില്‍ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളൊന്നുമില്ലന്നുമാത്രമല്ല നൂറ് മീറ്ററിലേറെ റോഡും നിലവിലുണ്ട്.പത്ത് മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ് ബൈപ്പാസിന് കണക്കാക്കിയിട്ടുള്ളത്. ബൈപ്പാസ് നിര്‍മ്മാണം അനിശ്ചിതമായി നീളുമ്പോഴും കുറ്റിയാടി ടൗണില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്ഥലം എംഎല്‍എയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടല്‍ ഇല്ലാത്തതാണ് ബൈപ്പാസ് നിര്‍മ്മാണം അനിശ്ചിതമായി നീളാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്.
ആശുപത്രി പരിസരം മുതല്‍ പേരാമ്പ്ര റോഡില്‍ പാലംവരെും ചിലപ്പോള്‍ ചെറിയ കുമ്പളം വരെയും വാഹനങ്ങളുടെ നീണ്ട നിര കാണാം. ഏറ്റവും വലിയ വാഹനക്കുരുക്ക് രൂപപ്പെടുന്നത് ടൗണ്‍ കവലയിലാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick