ഹോം » പ്രാദേശികം » കോഴിക്കോട് » 

ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം എസ്‌ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

November 21, 2017

കോഴിക്കോട്: പ്രായപൂര്‍ത്തിയെത്താത്ത ദളിത് വിദ്യാര്‍ ത്ഥിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐ ഹബീബുള്ള ഹാജരാകാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. അഭിഭാഷകനെ അയച്ചത് നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്.
നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഭവത്തെ സംബന്ധിച്ച റിപ്പോര്‍ട്ടെങ്കിലും എസ്‌ഐ നല്‍കേണ്ടതായിരുന്നു. ഡിസംബര്‍ 4ന് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ എസ്‌ഐ ഹബീബുള്ള ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പി. മോഹനകുമാര്‍ നിര്‍ദ്ദേശിച്ചു.
എസ്‌ഐയുടെ നടപടി ക്രൂരമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയെത്താത്തവരെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം പോലീസിന് ലഭിച്ചിട്ടും നടപ്പാകുന്നില്ല. എസ്‌ഐക്കെതിരായ കുറ്റം തെളിഞ്ഞാല്‍ അച്ചടക്ക നടപടിക്കും കേസെടുക്കാനും ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തുടര്‍ന്നുവന്ന മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പോലീസ് നടപടി അനുചിതമാണ്.
കോഴിക്കോട് ജില്ലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതികള്‍ കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി സിറ്റിംഗ് നടത്താന്‍ കാരണം പരാതികളുടെ ബാഹുല്യമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 201 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. പുതിയ പരാതികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ഓവുചാലുകളില്‍ യാത്രക്കാര്‍ വീണു മരിക്കുന്നതിന് ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് പിഡബ്ല്യുഡി അധികൃതരുടെ വിശദീകരണം ശരിയല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കോട്ടൂളിയില്‍ പാചകത്തൊഴിലാളി ഓടയില്‍ വീണ് മരിച്ച സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പും മരണം സംഭവിച്ചിരുന്നു. പിഡബ്ല്യൂഡി അധികൃതരുടെ മറുപടി ന്യായീകരിക്കത്തക്കതോ തൃപ്തികരമോ അല്ല. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick