ഹോം » കേരളം » 

മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും

വെബ് ഡെസ്‌ക്
November 22, 2017

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ചാനല്‍ കമ്പനിയെയും ചാനലിന്റെ സി.ഇ.ഒയെയും പ്രോസിക്യൂട്ട് ചെയ്യും.

കഴിഞ്ഞ ദിവസം പി.എസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതടക്കം 16 ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ശബ്ദരേഖാ പ്രസിദ്ധീകരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആര്‍.അജിത്കുമാറിനാണ്. ഉദ്ഘാടന ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇക്കാര്യം ചാനലില്‍ ഇദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. ചാനല്‍ നടത്തിയത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്.

ശശീന്ദ്രന് മന്ത്രിസ്ഥാനത്തേയ്ക്ക് മടങ്ങിവരുന്നതില്‍ തടസമൊന്നുമില്ല. ഈ കാര്യത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടത്. ശശീന്ദ്രനെതിരെ കമ്മീഷന്‍ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല. ശശീന്ദ്രനെ കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. ശശീന്ദ്രനെതിരേ ശുപാര്‍ശകളുണ്ടെന്ന് ചില മാധ്യമങ്ങളില്‍ മാത്രമാണ് വാര്‍ത്ത കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച ശേഷം സര്‍ക്കാര്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ബന്ധിപ്പിച്ച് പ്രതികരിപ്പിക്കുന്ന രീതി ആവശ്യമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് പ്രത്യേക സ്ഥലത്ത് വച്ചാണ്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ എത്തി പ്രതികരിക്കുക എന്നതാണ് രീതി. ഇവിടെ അനാവശ്യമായി തിരക്കുണ്ടാക്കി നിര്‍ബന്ധിച്ച് പ്രതികരണം നേടുകയാണ്. ഈ രീതി ആവശ്യമുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് വളപ്പില്‍ മാധ്യമങ്ങളെ തന്റെ ഓഫീസ് ഇടപെട്ട് തടഞ്ഞുവെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഫോണ്‍ കെണി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്‌പോള്‍ തിരക്ക് ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അല്ലാതെ സെക്രട്ടറിയേറ്റ് പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick