ഹോം » ഭാരതം » 

ബ്രഹ്മോസ് ഇനി ഡീപ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനും റെഡി

വെബ് ഡെസ്‌ക്
November 22, 2017

ചെന്നൈ: ശബ്ദത്തേക്കാള്‍ വേഗത്തില്‍ സുഖോയ് വിമാനത്തില്‍ നിന്ന് പാഞ്ഞടുക്കുന്ന ബ്രഹ്മോസ് മിസൈലുകളേറ്റ് ശത്രുപക്ഷത്തെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എരിഞ്ഞടങ്ങും. ഇത്രയും വേഗതയുള്ള മിസൈല്‍ വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന വിശേഷണം ഇനി ഇന്ത്യക്കു സ്വന്തം. മണിക്കൂറില്‍ 3,700 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ വേഗത. ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ഈ മിസൈല്‍ ഡീപ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനും തയാറായി എന്നാണ് ഈ നേട്ടത്തെക്കുറിച്ച് സൈന്യത്തിന്റെ വിശദീകരണം.

ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സുഖോയ് വിമാനത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചാണ് ഇന്ത്യ ചരിത്രം നേട്ടം കൈവരിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യത്തിലേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്.  ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിച്ച, ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയുള്ള കപ്പല്‍വേധ സൂപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്മോസ്. ഈ മിസൈല്‍ റഷ്യന്‍ നിര്‍മ്മിത സുഖോയ് 30 എംകെ ഐ വിമാനത്തിലാണ് ഘടിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ മഹാരാഷ്ട്രയിലെ ആസ്ഥാനത്താണ് മിസൈല്‍ വിമാനവുമായി സംയോജിപ്പിച്ചത്.

ഈ സംയോജനം അതിശക്തമെന്നു തെളിഞ്ഞതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ അതീവ കൃത്യതയുള്ള ആക്രമണങ്ങള്‍ക്ക് ബ്രഹ്മോസ് പര്യാപ്തമായി. 300 കിലോമീറ്ററാണ് ഇതിന്റെ ശേഷി. രണ്ടര ടണ്ണാണ് ഭാരം. മിസൈലിന് മൂന്നു മാതൃകകളുണ്ട്. കര, കപ്പല്‍, വിമാനങ്ങളില്‍നിന്ന് തൊടുത്തുവിടാവുന്നവ. യുഎസ് ക്രൂയിസ് മിസൈലുകളേക്കാള്‍ മൂന്നു മടങ്ങ് വേഗതയാണ് ബ്രഹ്മോസിനുള്ളത്. പരീക്ഷണംവിജയകരമാക്കിയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു.

വ്യോമസേനയുടെ കരുത്ത് ഇരട്ടിയായി
സുഖോയ് വിമാനങ്ങളില്‍ നിന്ന് ഇത്രയേറെ ഭാരമുള്ള മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞതോടെ വ്യോമസേനയുടെ കരുത്ത് കൂടി. ആകാശത്തില്‍ നിന്ന്, കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള യുദ്ധക്കപ്പലുകളെ നൊടിയിടകൊണ്ട് തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് ഇനി സാധിക്കും. കൂടിയ വേഗതയായതിനാല്‍ ഭൂതല-ആകാശ മിസൈലുകള്‍ കൊണ്ട് ബ്രഹ്മോസിനെ പ്രതിരോധിക്കുക എളുപ്പമല്ല.

42 സുഖോയ് വിമാനങ്ങളിലാകും ബ്രഹ്മോസ് ഘടിപ്പിക്കുക. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 240 റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധവിമാനങ്ങളുണ്ട്. ഇനി 32 എണ്ണം കൂടി ലഭിക്കാനുണ്ട്.
500 മുതല്‍ 14,000 മീറ്റര്‍ ഉയരത്തില്‍ നിന്ന് തൊടുക്കാം. കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കുന്നവയ്ക്ക് 600 കിലോമീറ്ററാണ് ദൂരപരിധി. നാവികസേനയുടെ പല കപ്പലുകളിലും ഇവ ഘടിപ്പിച്ചിട്ടുണ്ട്. മോസ്‌ക്വാ, ബ്രഹ്മപുത്ര എന്നീ നദികളുടെ പേരില്‍ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടാക്കിയത്.

Related News from Archive
Editor's Pick