ഹോം » കേരളം » 

കുറ്റപത്രം സമര്‍പ്പിച്ചു; നടിയോട് ദിലീപിന് പകയെന്ന് പോലീസ്

വെബ് ഡെസ്‌ക്
November 22, 2017

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അന്വേഷണ സംഘം കോടതിയില്‍ എത്തിയത്.

കേസില്‍ ദിലീപ് ഉള്‍പ്പടെ 14 പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. മൂന്നൂറോളം സാക്ഷി മൊഴികളാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 50 ഓളം പേര്‍ സിനിമ മേഖലയില്‍ നിന്നാണ്. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്റെ ആദ്യ ദാമ്പത്യം തകര്‍ത്തതിന്റെ പേരില്‍ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്റെ ബാക്കിപത്രമായാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് പോലീസ് കണ്ടെത്തല്‍. മഞ്ജുവാര്യരുമായുള്ള കുടുംബ ജീവിതം തകര്‍ത്തത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നു. സിനിമകളില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിന് വേണ്ടിയാണെന്നാണ് സ്ഥാപിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചനയില്‍ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രം പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ആദ്യ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അനുബന്ധ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Related News from Archive
Editor's Pick