ഹോം » ലോകം » 

ഹാഫീസ് സെയ്ദിനെ വിട്ടയക്കുന്നു

പ്രിന്റ്‌ എഡിഷന്‍  ·  November 23, 2017

ഇസ്‌ളാമാബാദ്; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ കൊടും ഭീകരന്‍ ഹാഫീസ് സെയ്ദിനെ വിട്ടയക്കാന്‍ പാക്ക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടു. ഇതോടെ വീട്ടുതടങ്കലില്‍ കഴിയുന്ന സെയ്ദിനെ വിട്ടയക്കും.

പാക്കിസ്ഥാനില്‍ സുഖവാസത്തിലായിരുന്ന ജമാ അത്ത് ദവാ മേധാവി കൂടിയായ സെയ്ദിനെ ഇന്ത്യയുടേയും അമേരിക്കയുടേയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് പഞ്ചാബ് പ്രവിശ്യാ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്നത്. മുബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന്( 26.11.2009) ദിവസങ്ങള്‍ക്കു മുന്‍പാണ് ഇയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ലാഹോര്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് തടവ് മൂന്നു മാസം കൂടി നീട്ടണമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. മറ്റു കേസുകളില്‍ ഇയാള്‍ക്ക് പങ്കില്ല. ഉള്ളതില്‍ തന്നെ തെളിവുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. ബോര്‍ഡ് വിലയിരുത്തി. നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനുള്ളില്‍ ഇയാള്‍ പുറത്തിറങ്ങും.

എന്നാല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സെയ്ദിനെ തടവിലാക്കുമെന്നും സൂചനയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സെയ്ദിനെ വിട്ടയക്കാന്‍ കഴിയില്ല. ഇത് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിക്കിടയാക്കും. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ അന്താരാഷ്ട്ര ഉപരോധം വരെ വന്നേക്കാമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആശങ്ക.

Related News from Archive
Editor's Pick