ആലപ്പുഴ: നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ മെഗാപത്രമായ സാമാജികത്തിന്റെ പ്രകാശനം നാളെ രാവിലെ 9ന് നെടുമുടി പൂപ്പള്ളിയില്‍ മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും.
200 ഓളം വിഷയങ്ങളെ അധികരിച്ചുള്ള വാര്‍ത്തകള്‍ 4000ത്തോളം ചാര്‍ട്ടു പേപ്പറുകളിലാണ് കുട്ടികള്‍ എഴുതി തയ്യാറാക്കിയിട്ടുള്ളത്. 3000ല്‍പരം ചിത്രങ്ങളും 200ഓളം കാര്‍ട്ടുണുകളും സാമാജികത്തിലുണ്ട്. നെടുമുടി പൂപ്പള്ളി ജംങ്ഷന് മുതല്‍ പൊങ്ങ പാലംവരെ രണ്ടര കിലോമീറ്റര്‍ നീളത്തില്‍ രാവിലെ 9 മുതല്‍ ഒന്നു വരെയാണ് പത്രത്തിന്റെ പ്രദര്‍ശനം നടക്കുക.
ഉദ്ഘാടന ചടങ്ങില്‍ തോമസ്ചാണ്ടി എംഎല്‍എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ സ്മരണികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.പി. നാരായണപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും. പ്രദര്‍ശനം അവസാനിക്കുന്നതുവരെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.
9നും 14 നുമിടയില്‍ പ്രായമുള്ള അറുനൂറോളം കുട്ടികളുടെ ബൃഹദ് സൃഷ്ടി ഇത്തരത്തിലെ ലോകത്തിലെ ആദ്യ ശ്രമമാണ്. 2.5 കിലോ മീറ്റര്‍ നീളമുള്ള പത്രം ലോകറെക്കോഡാകുമെന്നും സംഘാടകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. മെഗാപത്രംചീഫ് എഡിറ്റര്‍ നിഖിത കെ പ്രദീപ്. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം അഭിരാമലക്ഷ്മി, ഹെഡ്മാസറ്റര് ജി. ഗോപകുമാര്‍, ഉപദേശക സമിതി ഭാരവാഹികളായ ജി. ഗോപകുമാര്‍, ആര്. സുകേഷ്കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: