കൊയിലാണ്ടി: വൃദ്ധയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂര്‍ പുതുശ്ശേരിപ്പറമ്പത്ത് ആയിഷ ഉമ്മ(75)യുടെ മരണത്തിലാണ് ദുരൂഹതയേറുന്നത്. ഇക്കഴിഞ്ഞ ഏഴിന് വൈകീട്ടാണ് ആയിഷ ഉമ്മയെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. എന്നാല്‍ പിറ്റേ ദിവസം വൈകീട്ട് 3 മണിയോടെ ഇവരുടെ മൃതദേഹം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചടങ്ങന്നാരിതാഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്തെ നിരവധി പേരെ ചോദ്യം ചെയ്ത് വരുന്നു.
പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ നാട്ടുകാരുടെ നേതൃത്യത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്, എസ്ഐ സി.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ്സന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: