ഹോം » കേരളം » 

കേരളത്തിനു നന്ദി; രാഞ്ചോട്‌ലാല്‍ കുടുംബവുമൊത്ത് മടങ്ങി

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

 

തിരുവനന്തപുരം: രാജസ്ഥാനില്‍ ട്രെയിനിറങ്ങുമ്പോള്‍ രാഞ്ചോട്‌ലാല്‍ ഖാരാടിയയുടെ കാലുകളില്‍ പുതുപുത്തന്‍ ചെരുപ്പുണ്ടാവും. ഒപ്പം ഒന്നര വര്‍ഷം മുന്‍പ് കാണാതായ ഭാര്യ റമീലാദേവിയും രണ്ടു വയസുകാരന്‍ മകന്‍ രവിയും. ഭാര്യയെയും മകനെയും രാഞ്ചോട്‌ലാല്‍ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയപ്പോഴാണ് അവരെ കണ്ടെത്തിയിട്ടേ ചെരിപ്പിടൂയെന്ന് ശപഥമെടുത്തത്.

തിരിച്ചു പോകുന്നതിനു മുന്‍പ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ക്കും സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാഞ്ചോട്‌ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി.
2016 ജനുവരി ഒന്‍പതിനാണ് റമീലദേവിയെ വലിയതുറ മേഖലയില്‍ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റമീലയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ചികിത്സയെത്തുടര്‍ന്ന് റമീലയുടെ രോഗം ഭേദപ്പെട്ടു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചുള്ള അന്വേഷണത്തിലാണ് രാഞ്ചോട്‌ലാലിനെ കണ്ടെത്തി കേരളത്തിലെത്തിച്ചത്.

റമീലയുടെ പേരിലുണ്ടായിരുന്ന സ്ഥലം ചിലര്‍ തട്ടിയെടുത്തതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതെന്ന് പറയുന്നു. നാട്ടിലേക്ക് മടങ്ങുന്ന ഇവര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യം രാഞ്ചോട്‌ലാല്‍ അറിയിച്ചിട്ടുണ്ട്. ഇവരെ സുരക്ഷിതമായി എത്തിക്കുന്നതിന് രണ്ട് ഉദ്യോഗസ്ഥരും പോകുന്നുണ്ട്. കൈനിറയെ സമ്മാനങ്ങളും പുസ്തകങ്ങളുമായാണ് ശിശുക്ഷേമ സമിതി രവിയെ യാത്രയാക്കിയത്.

നാട്ടിലേക്ക് മടങ്ങുമ്പോള്‍ രാഞ്ചോട്‌ലാലിന് ഒരു സങ്കടമേയുള്ളൂ. മകനെ ഉള്ളുനിറഞ്ഞ് കൊഞ്ചിക്കാനാവുന്നില്ല. കാരണം രാഞ്ചോട്‌ലാല്‍ പറയുന്നത് രവിക്കും, രവി പറയുന്നത് രാഞ്ചോട്‌ലാലിനും മനസിലാകുന്നില്ല. കേരളത്തിലെ താമസത്തിനിടെ രവി മലയാളം പഠിച്ചു. ഇനി അമ്മ റമീലാദേവി വേണം കുറച്ചു നാളത്തേക്ക് ഇവര്‍ക്കിടയിലെ പരിഭാഷകയാകാന്‍.

Related News from Archive
Editor's Pick