ഹോം » ഭാരതം » 

കള്ളപ്പണം: കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

ന്യൂദല്‍ഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കള്ളപ്പണ നിരോധന നിയമത്തിലെ 45ാം വ്യവസ്ഥയാണ് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

കള്ളപ്പണത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ദുര്‍ബലമാക്കുന്നതും കള്ളപ്പണക്കാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നതുമാണ് കോടതി ഉത്തരവെന്ന് ആശങ്ക ഉയര്‍ന്നു. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണ് റദ്ദാക്കിയത്.

പ്രതികളുടെ ജാമ്യത്തിനായി രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ജാമ്യം നല്‍കുന്നതിന് മുന്‍പ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട് കേള്‍ക്കണമെന്നും കുറ്റം ആരോപിക്കപ്പെട്ടയാള്‍ നിരപരാധിയെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടണമെന്നതുമാണ് വ്യവസ്ഥകള്‍. ഇത് രണ്ടും ജാമ്യം നിഷേധിക്കുന്നതിന് മാത്രമാണ് ഇടയാക്കുകയെന്നു കോടതി വിലയിരുത്തി.

ജാമ്യം നിയമവും ജയില്‍ അപവാദവുമെന്നതാകണം കാഴ്ചപ്പാട്. ഈ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതോടെ ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറും. നേരത്തെ കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചവരുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കി.

Related News from Archive
Editor's Pick