ഹോം » കേരളം » 

മണിയെ അയയ്ക്കുന്നത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലെ

വെബ് ഡെസ്‌ക്
November 24, 2017

ആലപ്പുഴ: സിപിഎം നേതാക്കളുടെ ഭൂമി കൈയേറ്റങ്ങള്‍ സംരക്ഷിക്കുന്നതിനാണു കുറിഞ്ഞിമല ഉദ്യാനം ചെറുതാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയങ്ങള്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ നീക്കത്തിനു കാരണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി എം.എം. മണിയെ മന്ത്രിസഭാ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് കള്ളന്റെ കൈയില്‍ താക്കോല്‍ കൊടുക്കുന്നതിനു തുല്യമാണ്. വി.എസ്. അച്യുതാനന്ദനോടുള്ള വിരോധവും കുറിഞ്ഞി മല ഉദ്യാനം ചെറുതാക്കുന്നതിനു മറ്റൊരു കാരണമാണ്. കുറിഞ്ഞി ഉദ്യാന വിജ്ഞാപനത്തിനു നേതൃത്വം നല്‍കിയ വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടിയെ വീണ്ടും മന്ത്രിയാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എ.കെ. ശശീന്ദ്രനെ ഇപ്പോള്‍ മന്ത്രിയാക്കാമെന്നു പറയുന്നത്. മന്ത്രിയാക്കിയാലും ഹൈക്കോടതിയില്‍ കേസു വരുമ്പോള്‍ ശശീന്ദ്രന്‍ രാജിവയ്ക്കും. അപ്പോള്‍ തോമസ് ചാണ്ടിയെ വീണ്ടും മന്ത്രിയാക്കാനാണ് നീക്കം. എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം ധാര്‍മ്മിക ബോധത്തോടുള്ള വെല്ലുവിളിയാണ്.

ശശീന്ദ്രനെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കി. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടു പുറത്തുവിടാനും സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick