ഹോം » കേരളം » 

പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്
November 24, 2017

തിരുവനന്തപുരം/വെള്ളറട: നെയ്യാറ്റിന്‍കരയ്ക്ക് സമീപം മാരായമുട്ടത്ത് പാറമട ഇടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ധര്‍മക്കുടി സ്വദേശി സതീഷ് (29), മാരായമുട്ടം മാലക്കുളങ്ങര സ്വദേശി ബിനില്‍കുമാര്‍ (32) എന്നിവരാണ് മരിച്ചത്. വെള്ളറട സ്വദേശി സുധിന്‍, മാലക്കുളങ്ങര സ്വദേശി അജി എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എഴുപത്തിയഞ്ചോളം അടി ഉയരത്തില്‍നിന്നാണ് പാറ പൊട്ടിവീണത്. കുന്നത്തുകാല്‍ പഞ്ചായത്തിന്റെയും പെരുങ്കടവിള പഞ്ചായത്തിന്റെയും അതിര്‍ത്തിയായ കോട്ടക്കല്‍ ശാസ്താംപാറയിലെ സുകുമാരന്‍നായരുടെ അധീനതയിലുള്ള അശ്വതി കണ്‍സ്ട്രക്ഷന്റെ പാറമടയിലാണ് അപകടം. അനധികൃതമായി പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരുഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

300 അടി പൊക്കമുള്ള മടയുടെ മുകള്‍ ഭാഗത്ത് നേരത്തെ വെടിവച്ച് പൊട്ടിച്ചുവച്ചിരുന്ന പാറ ഇളകി വീണായിരുന്നു അപകടം. താഴെ ജെസിബി ഉപയോഗിച്ച് പാറക്കഷണങ്ങള്‍ നീക്കുമ്പോഴാണ് മുകളിലത്തെ പാറ ഇളകി ജെസിബിയുടെ മുകളില്‍ വീണത്. സതീഷ് ജെസിബിക്കുള്ളിലായിരുന്നു. അശ്വതി കണ്‍സ്ട്രക്ഷന്‍ ഒരു വര്‍ഷം മുമ്പ് അരുവിയോട് പള്ളിവിള ആന്‍വിന്‍സിയിലെ അലോഷ്യസിന് പാട്ടത്തിന് കൊടുത്തതായിരുന്നു പാറമട. ഇതരസംസ്ഥാനക്കാരാണ് ഇവിടെ കൂടുതലും പണിയെടുക്കുന്നത്. ഇനിയും പാറപൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കളക്ടര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.

സുരക്ഷാക്രമീകരണങ്ങളില്‍ വന്ന വീഴ്ചയാണ് അപകടത്തിന് കാരണം. ഇത് പരിശോധിക്കുമെന്ന് കളക്ടര്‍ വാസുകി പറഞ്ഞു. മൈനിംഗ് ആന്റ് ജിയോളജിയുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവിടെ ഖനനം നടത്തുന്നത്. ഒരു തരത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. എതിര്‍ക്കുന്നവരെ പണം കൊടുത്ത് ഒതുക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് പതിവ്. ഇങ്ങനെയൊരു പാറമട ഉള്ളതായി അറിയില്ലെന്നാണ് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പറയുന്നത്. എന്നാല്‍ പല നേതാക്കളും ഇവിടെ നിന്നു പണം കൈപ്പറ്റിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇംപ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related News from Archive
Editor's Pick