ഹോം » കേരളം » 

  തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

വെബ് ഡെസ്‌ക്
November 24, 2017

ന്യൂദല്‍ഹി: കായല്‍കൈയേറ്റത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതി ഉത്തരവും, ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന മന്ത്രിസഭാ തീരുമാനങ്ങളില്‍ മാത്രമാണ് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുളളതെന്നാണ് തോമസ് ചാണ്ടിയുടെ വാദം. അതിനാല്‍ വകുപ്പുതല നടപടിയായ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമല്ല.

മന്ത്രിയായല്ല, വ്യക്തി എന്ന നിലയ്ക്കാണ് കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. വസ്തുതകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഹൈക്കോടതി ചര്‍ച്ച ചെയ്തത്, ചാണ്ടി ചൂണ്ടിക്കാട്ടുന്നു. സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കിയ മന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാനവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പരാമര്‍ശത്തെത്തുടര്‍ന്ന് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റവും ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി നിലംനികത്തിയതും കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ജില്ലയില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ മുഴുവന്‍ അന്വേഷിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick