തലശ്ശേരി: യശ:ശ്ശരീരനായ സംഗീത സംവിധായകന് കെ.രാഘവന് മാസ്റ്ററുടെ പ്രതിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശില്പ്പിയില് നിന്നും രണ്ടര ലക്ഷം രൂപ കമ്മിഷന് പറ്റിയ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ വിജിലന്‍സിനെ സമീപിക്കുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്മീഷന് പറ്റിയ ആളെ സംരക്ഷിക്കുന്ന നഗരസഭാ ചെയര്‍മാന്റെ നടപടി സംശയാസ്പദമാണ്. അഴിമതിവിവരം പുറത്ത് വന്ന് രണ്ടാഴ്ച തികഞ്ഞിട്ടും ഇതേപ്പറ്റി ചെയര്മാന് പോലീസില്‍ പരാതി നല്‍കിയില്ല. അഴിമതി പണം തിരിച്ചു വാങ്ങിയെന്നും അത് നഗരസഭയുടെ വികസന പ്രവൃത്തികള്‍ക്ക് വിനിയോഗിക്കുമെന്നും പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. നഗരസഭാ ചെയര്‍മാന്റെ ഇത്തരത്തിലുള്ള അഴകുഴമ്പന്‍ തീരുമാനങ്ങള്‍ക്കെതിരെ നഗരസഭക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. മണ്ഡലം കമ്മറ്റി നേതാക്കളായ പി.പി.അജിത്കുമാര്‍, കെ.അനില്‍കുമാര്‍, സി.എം.ജിതേഷ്, ബൈജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: